2010, ജൂൺ 5, ശനിയാഴ്‌ച

വേശ്യാലയങ്ങള്‍ തുറക്കട്ടെ...

കാമുകനെ കൊന്ന്‌ പീസ്‌പീസാക്കിയ കേസിലെ പ്രതി ഡോ. ഓമനയെ ഒരിക്കല്‍ `ഗൃഹലക്ഷ്‌മി'ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്‌തു. താനല്ല ആ കൃത്യം ചെയ്‌തതെന്ന്‌ അഭിമുഖത്തിനിടെ പലതവണ ഡോ. ഓമന ആവര്‍ത്തിച്ചു. അതോടൊപ്പം ഒരു കാര്യംകൂടി പറഞ്ഞു: `ഈ കേസില്‍ പ്രതിയായതില്‍പ്പിന്നെ ഏതു പാതിരായ്‌ക്കും കേരളത്തില്‍ എവിടെയും യാത്ര ചെയ്യാം...!
തലേന്നു രാത്രി കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചുണ്ടായ അനുഭവം ഡോ. ഓമന വിവരിച്ചു. ``രാത്രി 11 മണിയായിട്ടുണ്ടാവും. കണ്ണൂരിലേക്ക്‌ ബസ്‌ കാത്തുനില്‍ക്കുകയാണ്‌ ഞാന്‍. ഒറ്റയ്‌ക്കൊരു സ്‌ത്രീ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ പുരുഷകേസരികളില്‍ ഭൂരിഭാഗത്തിനും ഇരിക്കപ്പൊറുതിയില്ല. ശ്രദ്ധയാകര്‍ഷിക്കാനായി പലരും എന്റെ മുന്നില്‍ക്കൂടി ഉലാത്തുന്നു; ചിരിക്കുന്നു, മുഖംകൊണ്ട്‌ ഗോഷ്‌ഠികള്‍ കാണിക്കുന്നു... ഞാനിതെല്ലാം കണ്ട്‌ രസിച്ചുനില്‍ക്കുമ്പോള്‍ ഒരു ധൈര്യശാലി മെല്ലെ അടുത്തുവന്നിട്ടു ചോദിച്ചു: എന്താ ഒറ്റയ്‌ക്കുനില്‍ക്കുന്നത്‌? പോരുന്നോ? കാറുണ്ട്‌....'
ഞാന്‍ പറഞ്ഞു: `വരാം കക്ഷിക്ക്‌ സന്തോഷമായി. `എന്നാല്‍ നടക്ക്‌' എന്നായി കക്ഷി... നടക്കുന്നതിനിടെ ഞാന്‍ ചോദിച്ചു: `എന്നെ മനസിലായോ?' അയാള്‍ എന്നെ ആപാദചൂഡം നോക്കിയിട്ടു പറഞ്ഞു: `ഇല്ല...' ഞാന്‍ അല്‌പം അടുത്തുചേര്‍ന്നുനിന്നിട്ട്‌ ധൈര്യവാനോടുപറഞ്ഞു. `എന്റെ പേര്‌ ഡോ. ഓമന. അടുത്തകാലത്ത്‌ ഒരാളെ തുണ്ടംതുണ്ടക്കി നുറുക്കിയ കേസിലെ പ്രതി. ഓര്‍മയില്ലേ?...'
ഒരു ആര്‍ത്തനാദത്തോടെ നിന്നനില്‌പില്‍ പഞ്ചാരക്കുട്ടന്‍ അപ്രത്യക്ഷനായത്രേ. പൊട്ടിച്ചിരിയോടെ ഡോ. ഓമന ഇത്രയും കൂടി പറഞ്ഞു: `കൊലപാതകക്കേസിലെ പ്രതിയായ സ്‌ത്രീകള്‍ക്കുമാത്രമേ കേരളത്തില്‍ അര്‍ധരാത്രി സഞ്ചരിക്കാനാവൂ...'
പ്രബുദ്ധകേരളത്തിലെ സ്‌ത്രീജനങ്ങളുടെ സ്‌ഥിതിയാണിത്‌. മുമ്പൊരിക്കല്‍ ഒരു പ്രമുഖസാഹിത്യകാരി പറയുകയുണ്ടായി, `കേരളത്തിലെ ചെളിനിറഞ്ഞ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ സാരിയൊന്ന്‌ അല്‌പം ഉയര്‍ത്തിയാല്‍ നൂറായിരം കണ്ണുകള്‍ സാരിത്തുമ്പിലെത്തു'മെന്ന്‌.
മലയാളികളെപ്പോലെ ഇത്രയുമധികം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു ഭൂവിഭാഗം ലോകത്തെവിടെയുമുണ്ടെന്ന്‌ തോന്നുന്നില്ല. നെറ്റ്‌ കഫേകളില്‍ എത്തുന്ന തൈക്കിഴവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍വരെ `എ' സൈറ്റുകളാണത്രേ തിരയുന്നത്‌. തിരക്കുള്ള റോഡില്‍ സ്‌ത്രീകളെ മുട്ടിയുരുമ്മാതെ മലയാളികള്‍ നടക്കാറില്ല. തിരക്കുള്ള ബസുകളില്‍ പുരുഷന്മാരുടെ ശീഘ്രസ്‌ഖലനത്തിന്റെ, അടയാളങ്ങളുമായി ഇറങ്ങിപ്പോകാനാണ്‌ മലയാളിയുവതിക്കു വിധി. `എ'പ്പട തിയേറ്ററുകളില്‍ തലയില്‍ മുണ്ടിട്ടു കയറുന്ന മലയാളി പുരുഷകേസരിമാര്‍ സി.ഡിഷോപ്പുകളില്‍ തിരയുന്നത്‌ നീല ചിത്രം മാത്രം. ഓഫീസുകളിലും സ്‌കൂളുകളില്‍പ്പോലും സ്‌ത്രീകളെ `മാന്താന്‍' ശ്രമിക്കുന്നവരാണ്‌ മലയാളികളിലേെറയും. (ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വനിതാസുഹൃത്ത്‌ ഈയിടെ പറഞ്ഞു, `എന്താ ഊണു കഴിച്ചില്ലേ' എന്നൊരു സഹപ്രവര്‍ത്തകനോടുചോദിച്ചാല്‍ മതി, രാത്രി എസ്‌.എം.എസ്‌ വരും: യു ഹാവ്‌ ടച്ച്‌ഡ്‌ മൈ ഹാര്‍ട്ട്‌. ഇതുവരെ ആരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. യൂ ആര്‍ സോ സ്‌പെഷ്യല്‍...) ഏറ്റവുമധികം വിവാഹേതര ബന്‌ധങ്ങളുള്ള സമൂഹവും, ഇന്ത്യയില്‍, കേരളമാണത്രേ.
എന്താണിതിനു കാരണം? സാക്ഷരതയിലൂടെ ഉല്‍ബുദ്ധരായ മലയാളിപുരുഷന്മാര്‍ ഇങ്ങനെ കാമകൂത്തുക്കുള്‍ക്ക്‌ അടിപ്പെടാന്‍ എന്താണു കാരണം?
എന്റെ അഭിപ്രായത്തില്‍, അടക്കിപ്പിടിച്ച വികാരങ്ങളാണ്‌ നമ്മെക്കൊണ്ട്‌ ഇതു ചെയ്യിക്കുന്നത്‌. ലൈംഗികത കുറ്റമാണ്‌, പാപമാണ്‌ എന്നൊക്കെ പറഞ്ഞുപഠിപ്പിക്കപ്പെടുന്ന കേരളസമൂഹത്തിലെ പുരുഷന്മാര്‍ തരംകിട്ടുമ്പോള്‍ വേലിചാടുന്നതാണ്‌ മേല്‍പ്പറഞ്ഞ സംഭങ്ങളെല്ലാം. കേരളത്തില്‍ `എ' സിനിമ കാണുന്നത്‌ പാപമാണ്‌. പാര്‍ക്കില്‍ കാമുകീ കാമുകന്മാര്‍ ഒരുമിച്ചിരിക്കുന്നത്‌ കുറ്റകരമാണ്‌. (എറണാകുളത്ത്‌ പോര്‍ട്ട്‌ ട്രസ്‌റ്റിലെ പാര്‍ക്കില്‍ ഒരുമിച്ചിരിക്കുന്ന യുവമിഥുനങ്ങളെ വിരട്ടി പണംതട്ടുന്നത്‌ പൊലീസുകാരുടെ സ്‌ഥിരം വിനോദമാണ്‌.) ഉമ്മയെങ്ങാനുംവെച്ചാല്‍ സര്‍വം തകര്‍ന്നു! കൊച്ചുപുസ്‌തകങ്ങള്‍ എന്നറിയപ്പെടുന്ന `എ' പുസ്‌തകങ്ങള്‍ കടയില്‍ വിറ്റാല്‍ പൊലീസ്‌ റാഞ്ചും. പിന്നെ എവിടെയാണ്‌ മലയാളി പുരുഷന്‍ വികാരവിരേചനം അഥവാ കഥാര്‍സിസ്‌ സാധ്യമാകുന്നത്‌? അങ്ങനെ വരുമ്പോള്‍ അവന്‍ സ്‌ത്രീകളുടെ പിന്നില്‍ തോണ്ടും. മൂന്നുവയസുള്ള കുട്ടിയെ പീഡിപ്പിക്കും. 60 കാരിയെ ബലാല്‍സംഗം ചെയ്യും. ബസ്‌സ്‌റ്റാന്‍ഡില്‍ ഒറ്റയ്‌ക്കുനില്‍ക്കുന്ന തരുണീമണിയെ നോക്കി വിസിലടിക്കും. വിമന്‍സ്‌ കോളജിനെ നോക്കി നെടുവീര്‍പ്പിടും...
സമൂഹത്തിന്റെ കാമതൃഷ്‌ണയെ നിയമം എത്രകാലം അടക്കിവെയ്‌ക്കും? കടകളില്‍ കൊച്ചുപുസ്‌തകം വിറ്റാല്‍ എന്താതെറ്റ്‌? നീലച്ചിത്രങ്ങള്‍ വേണ്ടവരെല്ലാം കാണട്ടെ. വേശ്യാലയങ്ങള്‍ എല്ലാ നഗരത്തിലും നിയമവിധേയമായി തുറക്കട്ടെ.
വികാരവിരേചനം സാധ്യമാക്കാന്‍ വേെറവഴികള്‍ തുറന്നുകിട്ടുമ്പോള്‍ ഞെട്ടലും മുട്ടലും വിസിലടിയും നിലയ്‌ക്കും. പാതിരാത്രിയും പെങ്ങന്മാര്‍ക്ക്‌ വഴിനടക്കാന്‍ കഴിയും. അതല്ലേ വേണ്ടത്‌?
മുംബൈയിലെയോ ഡല്‍ഹിയിലെയോ കാര്യമെടുക്കുക. അവിടെ സ്‌ത്രീകള്‍ക്ക്‌ ഏതു പാതിരാത്രിയും ഇറങ്ങിനടക്കാം. കാരണം, അവിടെ നിയന്ത്രണങ്ങളില്ല. അവിടെ ബസില്‍ ആണും പെണ്ണും തൊട്ടുരുമ്മിയിരിക്കുന്നത്‌ പാപമല്ല. കാമാത്തിപുരയിലും േറാഡ്‌ നമ്പര്‍ 56 ലും ഏതു വികാരജീവിക്കും ഏതുനേരവും ചെന്നുകയറി വികാരം ശമിപ്പിക്കാം. അതുകൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ബസിനുള്ളില്‍ `പിടിക്കപ്പെടാ'തെ യാത്ര ചെയ്യാം.
ഇത്രയും എഴുതേണ്ടിവന്നത്‌ ഐ.ടി നിയമത്തില്‍ സര്‍ക്കാര്‍ വരുത്താന്‍ പോകുന്ന പുതിയ ഭേദഗതികളെക്കുറിച്ച്‌ കേട്ടതുകൊണ്ടാണ്‌. ഇനി മുതല്‍ അശ്ലീലസൈറ്റുകളില്‍ പരതുന്ന ആരെയും പൊലീസിന്‌ വീട്ടില്‍കയറി അറസ്‌റ്റുചെയ്യാമത്രേ. നൈറ്റ്‌ കേഫകളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുകയറി `എ'പ്പടം കാണുന്ന ആരെയും അറസ്‌റ്റുചെയ്യാമെന്നും നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ, ഇന്റര്‍നെറ്റിലൂടെയും വികാരശമനം പാടില്ല എന്നാകാന്‍ പോകുന്നു നിയമം. ഒരുവഴികൂടി അടഞ്ഞു! (അശ്ലീല വെബ്‌സൈറ്റുകള്‍ക്ക്‌ നിരോധനമുള്ള യു.എ.ഇയില്‍ വേശ്യാലയങ്ങള്‍ക്കും ഡാന്‍സ്‌ ബാറുകള്‍ക്കും ഒരു ക്ഷാമവുമില്ലെന്നറിയുക.)
പിന്‍കുറിപ്പ്‌: േഹാളണ്ടിന്റെ തലസ്‌ഥാനമായ ആംസ്‌റ്റര്‍ഡാമിലെ െറഡ്‌ സ്‌ട്രീറ്റ്‌ ഏരിയയില്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്ന വേശ്യകളെ കാണാം. തായ്‌ലന്‍ഡില്‍ എല്ലാനഗരങ്ങളിലും വേശ്യാത്തെരുവുകളുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നീലച്ചിത്രങ്ങള്‍ക്കുമാത്രമായി തിയേറ്ററുകളുണ്ട്‌.
ഈ രാജ്യങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക്‌ സൈ്വര്യമായി സഞ്ചരിക്കാം. കാരണം മേല്‌പറഞ്ഞതുതന്നെ. അവിടെ ലൈംഗികത മൂടിവെയ്‌ക്കപ്പെടുന്നില്ല. വേണ്ടവന്‌ അനുഭവിക്കാന്‍ വേണ്ടുവോളം അവസരം.

1 അഭിപ്രായം: