2009, നവംബർ 26, വ്യാഴാഴ്‌ച

പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

ബഹു മാന്യരേ. ഇതു എന്റെ സൃഷ്ടി അല്ലാ.. ഏതോ ഒരു കൊണാപ്പന്‍ പേരു വെക്കാതെ അയച്ചതാണ്. ബ്ലോഗിനെ പട്ടിണിക്കിടണ്ട എന്ന് കരുതി ഇട്ടതാണ്. ദയവു ചെയ്തു എനിക്കും ഇട്ടു പണിയരുത്.. - രനിഷ്

ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു'മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്. പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? മനോരമ റിപ്പോര്‍ട്ടില്‍ കണ്ടതാണ്). കയറിക്കളിച്ച ബാക്കിയുള്ളവരെ പൊക്കാന്‍ കേരള പോലീസ് വല വീശിയിരിക്കുകയാണ്‌.


സീ എ ക്കാരന്‍ ചെയ്തത് ഇത്ര മാത്രം. സുഹൃത്തിന്റെ ഒരു ഇമെയില്‍ കിട്ടി. നല്ല കിടിലന്‍ വീട്. കക്ഷി ഇങ്ങനെ ഒരു അടിക്കുറിപ്പ് കാച്ചി. "പിണറായിയില്‍ തീര്‍ത്ത വിജയന്‍റെ കൊട്ടാരം. തള്ളേ, കൊട്ടാരം ഒരു സംഭവം തന്നെ". ഇത് ഏഴു പേര്‍ക്ക് ഫോര്‍വേഡ് അടിച്ചു. 'തൊഴിലാളി നേതാവിന്റെ കൊച്ചു കുടില്‍ എന്നാണ്' വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എഴുതിയ അടിക്കുറിപ്പ്. ഇതിനേക്കാള്‍ നല്ല അടിക്കുറിപ്പ് എഴുതി ഫോര്‍വേഡ് കാച്ചിയ പലരും കാണും. പക്ഷെ പിടിയിലായത് ഈ ഭാഗ്യദോഷികളാണ് എന്ന് മാത്രം. ഈ കൊട്ടാരം മെയില്‍ ആദ്യമായി പടച്ചു വിട്ടയാളെയാണ് പോലീസ് ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. അയാള്‍ ദുഫായിയിലോ മറ്റോ ആണ് ഉള്ളത് എന്ന് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേട്ടു.

പിണറായി വിജയനോട് സ്നേഹമുള്ളവര്‍ കുറച്ചു കാണും. സഖാവായതിനാല്‍ എതിര്‍പ്പുള്ളവര്‍ അതിലേറെ കാണും. സ്നേഹമുള്ളവര്‍ നേതാവിന് ഇമേജുണ്ടാക്കാന്‍ ശ്രമിക്കും, എതിര്‍ക്കുന്നവര്‍ അത് തകര്‍ക്കാനും. രണ്ടും സ്വാഭാവികം. പക്ഷെ എല്ലാത്തിനും ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ചയും' വേണം. സഖാവിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ചുകപ്പു പെയിന്റ് അടിച്ച കുറച്ചു ഓടുകള്‍ ടെറസിലും ചോരച്ചുകപ്പുള്ള ഒരു കാറ് പോര്ചിലും കിടക്കുന്ന കാണാന്‍ കൊള്ളാവുന്ന ഒരു വീടിന്റെ ചിത്രം കിട്ടിയപ്പോള്‍ സഖാവിനിട്ടു പണിയാന്‍ ഇനിയൊരു ഒരു അടിക്കുറിപ്പിന്റെ കുറവേ ഉള്ളൂ എന്ന് കരുതിയ ഏതോ ഒരു 'കൊഞ്ഞാണന്‍ ' ആണ് ഈ പണിയൊപ്പിച്ചത്. ആ കൊഞാണന്റെ ഇമെയില്‍ ഇന്‍ബോക്സില്‍ എത്തേണ്ട താമസം ഫോര്‍വേഡ് റെഡിയാക്കി കാത്തിരിക്കുന്ന എല്ലാവരും ക്ലിക്കി ക്ലിക്കി കുന്നംകുളം കൊട്ടാരത്തെ പിണറായിയില്‍ എത്തിച്ചു !!

സ്ഥിരമായി ഫോര്‍വേഡ് മാത്രം കളിക്കുന്ന ചിലര്‍ സഖാവിന്റെ വീടെന്നു പറഞ്ഞു ഈ ചിത്രം എനിക്കും അയച്ചു തന്നിരുന്നു. ഏതോ ഒരു അനോണി "ഇത് ബ്ലോഗിലിടൂ സുഹൃത്തേ !" എന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. "വേറെ പണിയൊന്നുമില്ലെങ്കില്‍ താജ് മഹലിന്റെ ചിത്രമെടുത്ത്‌ വീ എസ്സിന്റെ വീടെന്നു പറഞ്ഞു നാലാള്‍ക്കു ഫോര്‍വേഡ് ചെയ്യൂ, എന്നെ വിട്ടേര് !" എന്ന് ഞാന്‍ ആ അനോണിക്ക് തിരിച്ചു ഒരു ഉപദേശവും കൊടുത്തു. പിന്നെ അയാള്‍ ഈ വഴി വന്നിട്ടില്ല. ഫോട്ടോഷോപ്പ് കയ്യിലുണ്ടെങ്കില്‍ താജ്മഹലിലല്ല വൈറ്റ് ഹൌസില്‍ വരെ ചെങ്കൊടി പാറിക്കാം. ഈഫല്‍ ടവറില്‍ പീ ഡീ പീ യുടെ ബാനര്‍ തൂക്കാം. അതൊക്കെ ഈമെയിലില്‍ കിട്ടിയാല്‍ നിലം തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഈ കൊട്ടാരം എപ്പിസോഡില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. അതായത് കിട്ടുന്ന ഇമെയില്‍ നൂറു പേര്‍ക്ക് ഫോര്‍വേഡ് അടിക്കുന്നതിനു മുമ്പ് നൂറ്റൊന്നു വട്ടം ആലോചിക്കണം എന്ന് ചുരുക്കം.

ഇത്രയും പറഞ്ഞത് നാണയത്തിന്റെ ഒരു വശം മാത്രം. ഇതിനൊരു മറുവശവുമുണ്ട്. അത് പറയാതിരിക്കുന്നത് ഫോര്‍വേഡികളോട് ചെയ്യുന്ന അപരാധം ആയിരിക്കും. ഒരു ഈമെയിലില്‍ തെറിക്കുന്ന മൂക്കാണോ നമ്മുടെ രാഷ്ട്രീയ നായകന്മാര്‍ക്ക് ഉള്ളത്. ഏതെങ്കിലും ഒരു കൊഞ്ഞാണന്‍ ഒരു ഇമെയില്‍
ഉണ്ടാക്കി
അയച്ചാല്‍ സഖാവ് പിണറായിയുടെ ഇമേജു തകര്‍ന്നു തരിപ്പണമാവുമോ? ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ലആവശ്യമുണ്ടോ ?

2 അഭിപ്രായങ്ങൾ:

  1. chilarude chiry kanadal kalakalatholam kerala BHARANAM Ivanmarkku theerezhuthy koduthirikkukayanennu thonnum.Onnaravarsham kazhinjal BHARANAM marum ithokke pushpam pole chavittukuttayilekku valicheriyappedum

    മറുപടിഇല്ലാതാക്കൂ
  2. keeri vaasu....

    pushpam pole chavittukuttayilekku valicheriyappedunnathu enthaanaavo? onnu vishatheekarikkaamo?

    മറുപടിഇല്ലാതാക്കൂ