2009, നവംബർ 12, വ്യാഴാഴ്‌ച

ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് കേരളം ഒന്നാമതെന്ന് കോണ്‍ഗ്രസ് ലഘുലേഖ

ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് പ്രഥമസ്ഥാനം കേരളത്തിനാണെന്ന് കണക്കുകള്‍ നിരത്തി ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ ലഘുലേഖയിലാണ് ക്രമസമാധാനപാലനത്തില്‍ വര്‍ഷങ്ങളായി കേരളമാണ് ഒന്നാംസ്ഥാനത്തെന്ന വസ്തുത കോഗ്രസ് അംഗീകരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിന്റെപേരില്‍ കേരളത്തില്‍ കോഗ്രസ് നേതാക്കള്‍ ഇടതുപക്ഷ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴാണ് ക്രമസമാധാനപാലനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഗുജറാത്തില്‍ കോഗ്രസ് പ്രചരിപ്പിക്കുന്നത്. 'ഇന്ത്യാടുഡെ' വാരിക വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗുജറാത്ത് പിസിസി ഇതിന് ആധാരമാക്കിയത്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിനിടെ 2003 മുതല്‍ 2007 വരെയുള്ള കണക്കാണ് കോഗ്രസ് പുറത്തുവിട്ടത്. 2008ലെ സര്‍വേയിലും ഒന്നാമത് കേരളമായിരുന്നു. കോഗ്രസ് ലഘുലേഖയിലെ ക്രമസമാധാന പട്ടികയില്‍ കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇടംകണ്ടെത്തിയില്ല. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ആന്ധ്രയും മഹാരാഷ്ട്രയും ഡല്‍ഹിയും ഏറെ പിന്നിലാണ്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും കേരളം ഒന്നാംസ്ഥാനത്ത് തന്നെയെന്ന് കോഗ്രസ് ലഘുലേഖ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പരിശോധിച്ചാലും ക്രമസമാധാനപാലനത്തില്‍ കേരളത്തിന്റെ മെച്ചപ്പെട്ട നില വ്യക്തം. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ കേരളം മുന്നിലാണെങ്കിലും വര്‍ഗീയകലാപം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോ പറയുന്നു. കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലെ മെച്ചപ്പെട്ട ക്രമസമാധാനപാലനമാണ് കാണിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പൊലീസിന്റെ കാര്യക്ഷമതയും അതോടൊപ്പം ജനങ്ങള്‍ക്ക് ഭയംകൂടാതെ പൊലീസിനെ സമീപിക്കാനുള്ള അന്തരീക്ഷവുമാണ് കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ