നാട്ടിലിപ്പോള്‍ കോരിച്ചൊരിയുന്ന മഴയാണ്.ഈ ഊഷരഭുമിയിലോ കഠിനമായ ചൂടും.പ്രകൃതിയുടെ ഓരോ മറിമായങ്ങള്‍ എന്നല്ലാതെ വേറെന്തു പറയാന്‍.ഓരോ പ്രവാസിക്കും മഴ ഗൃഹാതുരതയുടെ പര്യായമാണ്.അതവനെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തുന്നു.മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും തുടങ്ങുന്നത് കുട്ടിക്കാലത്ത് നിന്നാണ്.പണ്ടെല്ലാം ജൂണ്‍-1നു സ്കൂള്‍ തുറക്കുന്ന അന്ന് തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു അതിഥിയെപ്പോലെ മഴ വിരുന്നെതുമായിരുന്നു.പുതിയ ഒരു അദ്ധ്യയന വര്‍ഷത്തിലേക്ക് സുഖ ശീതളമായ വരവേല്‍പ്പ്.പുത്തനുടുപ്പും,കു
ടയും,ബാഗുമെല്ലാമായി കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു മഴയുടെ അകമ്പടിയോടെ സ്കൂളിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ്.വീശിയടിക്കുന്ന കാറ്റില്‍ ചിലപ്പോഴെല്ലാം മഴ ഒരു കുരുന്നിന്റെ കൌതുകത്തോടെ ക്ലാസ്സ്മുരിയിലേക്ക് എത്തിനോക്കാറുണ്ട്.കുടയെടുക്കാതെ പോകുന്ന ദിവസങ്ങളില്‍ മഴ പെയ്താല്‍ അഭയം ചെമ്പിലയോ വാഴയിലയോ തന്നെ.കൂട്ടുകാരനോടൊപ്പം ഒരു കുടക്കീഴില്‍ പോകുമ്പോള്‍ പങ്കുവെയ്ക്കപ്പെടലിന്‍റെ ആദ്യ പാഠങ്ങള്‍ മഴ നമുക്ക് സമ്മാനിക്കുന്നു.
ചെറിയ ഒരു മുരള്ച്ചയോടു കൂടി മഴ വരവരിയിക്കുമ്പോഴാനു കുടയെടുക്കാന്‍ മറന്ന കാര്യം ചിന്തിക്കുക.ഓടാന്‍ തുടങ്ങുമ്പോഴേക്കും മേലാകെ നനച്ചു കടന്നു പോയിട്ടുണ്ടാകും പെരുമഴ.100 മീറ്റര്‍ അത് ലടിക്സ് ചാമ്പ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട് പോലും തോറ്റു പോകും ഇക്കാര്യത്തില്‍ മഴയോട്. മഴക്കാലത്തെ പ്രധാന വിനോദങ്ങള്‍ ചൂണ്ടയിടുന്നതും,നിറഞ്ഞൊഴുകുന്ന പാടത്ത് ചങ്ങാടം കെട്ടി തുഴയുന്നതും തന്നെ.ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ ഓലയില്‍ കോര്‍ത്ത് വീട്ടില്‍ കൊണ്ടുവന്നു വറുത്തു തിന്നുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.ടിവിയുടെയും,കമ്പ്യുട്ടറിന്‍റെയും,പ്ലേസ്റ്റേഷന്‍റെയും മുന്‍പില്‍ ബാല്യവും,കൌമാരവും ഹോമിക്കുന്ന പുതിയ തലമുറ നഷ്ടപ്പെടുത്തുന്നത് ഇത്തരം മധുരമുള്ള അനുഭവങ്ങളാണ്.
മഴ പലപ്പോഴും പ്രണയത്തിന്‍റെ പ്രതിരൂപമാണ്.മഴയെ സാക്ഷിയാക്കി എത്രയോ പ്രണയങ്ങള്‍ പൂത്തു തളിര്തിട്ടുണ്ട്‍.കോരിച്ചൊരിയുന്ന മഴയില്‍ മനപ്പൂര്‍വം കുടയെടുക്കാതെ ബസ് സ്റ്റോപ്പിലോ,കോളേജിലേക്കുള്ള വഴിയരികിലോ അവന്‍ കാത്തു നില്‍ക്കും,തന്‍റെ പ്രണയം അവളെ അറിയിക്കാനായി.അനുവാദം ചോദിക്കാതെ അവളുടെ കുടയിലേക്ക് ഓടിക്കയറുമ്പോള്‍ തെല്ലു നീരസത്തോടെയുള്ള അവളുടെ പ്രതികരണം അവഗണിച്ച് ഒരുമിച്ചുള്ള നടത്തം പിന്നെപ്പിന്നെ ഒരു പതിവാകുമ്പോള്‍ പതിയെ ഒരു പ്രണയം മൊട്ടിടുകയായി(അവള്‍ക്കു തടിമിടുക്കുള്ള ആങ്ങളമാര്‍ ഉണ്ടെങ്കില്‍ ജീവിതത്തിലൊരിക്കലും പിന്നെയവന്‍ മഴയുടെ വിദൂര സാദ്ധ്യതയെ ഉള്ളുവെങ്കില്‍ പോലും കുടയെടുക്കാതെ പുറത്തിറങ്ങില്ല.അത് വേറെ കാര്യം).പിന്നെ മഴയ്ക്കു ശേഷവും അവരെ ഒരുമിച്ചു കാണാം കോളേജിന്‍റെ ഇടനാഴിയില്‍,കാന്ടീനില്‍,ക്യാമ്പസിലെ മരത്തണലില്‍.
ബോംബെ സിനിമയിലെ ഉയിരേ എന്നാ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ബേക്കല്‍ കോട്ടയില്‍ നിന്നുള്ള മഴയുടെ അപൂര്‍വ്വ ദൃശ്യചാരുതയാണ്.മഴക്കാലത്ത് അവിടേക്കുള്ള ഒരു യാത്ര ഇതുവരെ നടന്നിട്ടില്ലെങ്കിലും മനസ്സിലുണ്ട്.ചുമരുകളില്‍ പച്ചപ്പായല്‍ പിടിച്ച ആ കോട്ടയുടെ മുകളില്‍ നിന്ന് മുഖത്തേക്ക് കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയില്‍ ആര്‍ത്തിരമ്പുന്ന കടലിന്‍റെ ദൃശ്യ ഭംഗി ആവോളം ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു യാത്ര.മഴയ്ക്കു നമ്മുടെ ഭാവത്തെ സ്വാധീനിക്കാനുള്ള കഴിവ് അപാരമാണ്.സന്തോഷിച്ചാല്‍ നമ്മോടൊപ്പം പങ്കുചേര്‍ന്ന് സന്തോഷം ഇരട്ടിപ്പിക്കുന്നു.സങ്കടപ്പെട്ടാല്‍ നമ്മോടൊപ്പം വിതുമ്പിക്കരഞ്ഞു നമ്മുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മഴയോടെന്നപോലെ പ്രിയങ്കരമാണ് എനിക്ക് മഴ രാഗങ്ങളും.കര്‍ണാടക സംഗീതത്തിലാണങ്കില്‍ അമൃതവര്‍ഷിണി.ഹിന്ദുസ്ഥാനിയില്‍ മേഘ്,മേഘമല്‍ഹാര്‍,മിയാന്‍ കി മല്‍ഹാര്‍ തുടങ്ങിയവയുണ്ട്.മഴയുള്ളപ്പോള്‍ കിഷോര്‍കുമാര്‍ ശര്‍മ്മയുടെ സന്തൂറിന്‍റെ തന്ത്രികളില്‍ നിന്നുതിരുന്ന മേഘ് രാഗം കേള്‍ക്കുന്നത് മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നു പതിക്കുന്നത് പോലെയുള്ള ഒരു അനുഭുതിയാണ് സമ്മാനിക്കുക.ഇവിടെ ഈ മരുഭൂമിയില്‍ ഏ.സി യുടെ കൃത്രിമ ശീതളിമയില്‍ ലാപ്ടോപ്പിലോ മറ്റോ പ്ലേ ചെയ്ത് കണ്ണടച്ചിരുന്ന് ഇടയ്ക്കെല്ലാം അനുഭവിക്കാന്‍ ശ്രമിക്കാറുണ്ട് കിഷോര്‍ജിയുടെ സന്തൂറിന്‍റെ ആ മാജിക്.
ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ഥിരവാസികളവാന്‍ വിധിക്കപ്പെട്ട ഭാഗ്യവാന്മാരെ നിങ്ങളറിയുന്നില്ല നിസ്സാരമെന്നു കരുതി നിങ്ങള്‍ അനുഭവിച്ചു പോരുന്ന ഓരോന്നും നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്.അതറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഒരിറക്കെങ്കിലും കുടിച്ചുനോക്കണം പ്രവാസമെന്ന കയ്പ്പുനീര്‍.
വീണ്ടും ഒരു പെരുമാഴക്കാലത്തിനായ് കാതോര്‍ത്തു കൊണ്ട്..........................
nannaayittundu harshad.. Vaayikkaan sukhamundu.. Thanks.. Keep Writing
മറുപടിഇല്ലാതാക്കൂ