2009, ഡിസംബർ 6, ഞായറാഴ്‌ച

റാസ് അല്‍ സ്വറില്‍ മഴയുടെ സാന്ത്വനം







ഇന്നു പകല്‍ റാസ് അല്‍ സ്വറില്‍ പെയ്ത മഴ പ്രവാസികള്‍ക്ക് കുളിര്‍മയേകി.
മഴ പലപ്പോഴും ഭൂതകാലങ്ങളിക്കുള്ള ഏണിപടിയാണ് പ്രവാസികള്‍ക്ക്.. ചിലപ്പോള്‍ ഭാവിയിലേക്കും... നാട്ടില്‍ നഷ്ടപ്പെടുന്ന ഓര്‍മകളുടെ കുതോഴുകാണ് ഓരോ മഴയും പ്രവാസിക്ക് സമ്മാനിക്കുന്നത്. മലയാളി എന്തോ അത്ര കണ്ടു മഴയെ സ്നേഹിക്കുന്നു. മഴ മലയാളിക്ക് സ്വന്തം ജീവിതവുമായി നേരിട്ടു ഇഴ ചേര്ന്ന എന്തോ ആണ്. ടെക്ഫെനിലെ മലയാളികള്‍ക്ക് നാടിന്‍റെ ഒര്മയിലെക്കും പുതു മഴയുടെ കുളിരിലെക്കും മണതിലെക്കുമോക്കെയുള്ള ഒരു മടക്ക യാത്രയായി മഴ. ഒരു പാളതോപ്പിയും ചേമ്പിന്‍ ഇലയും വാഴയിലക്കുടയും പാടവരമ്പിലെ ചെളിയും കുറുകുറാന്നു കുറുകുന്ന തവളകളും നനഞ്ഞൊലിക്കുന്ന വസ്ത്രങ്ങളും പാതി നനഞ്ഞ പുസ്തകങ്ങളും പിന്നെ ചെറിയ ഒരു കുടയുടെ മറ പിടിക്കാന്‍ നാലോ അഞ്ചോ കൂട്ടുകാരും.... മഴാ..
ഇന്നു മഴ ഹൃദയത്തില്‍ പെയ്തിറങ്ങുന്ന നൊമ്പരങ്ങളാണ്. നമുക്കു നഷ്ടപ്പെട്ട ബാല്യത്തിന്റെ, കൌമാരത്തിന്റെ തിരിചെടുക്കാനാകാത്ത കാലത്തിന്റെ വേര്‍പിരിയലിന്റെ നൊമ്പരം. ചിലപ്പോള്‍ ഹൃദയത്തിലേക്ക് ഒരു നൂറു സൂചികള്‍ കുത്തിയിറക്കുന്ന പോലെ...

മഴ എത്തും മുന്പേ തുടങ്ങും മഴയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍.. പുര കേട്ടിമെയാല്‍, കുടയുണ്ടാക്കളും വാങ്ങലും, തട്ടിന്‍ പുറത്തെടുത്തു വെച്ചിട്ടുള്ള കാലന്‍കുടക്കു ചില അല്ലറ ചില്ലറ അറ്റകുറ്റ പണികള്‍. തെങ്ങിന്‍ തടം നേരെയാക്കലും മഴക്രിഷിക്കുള്ള ഒരുക്കങ്ങളും.. വീടിനു മറകെട്ടാനും ഒക്കെയായി കേരളം മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങിതുടങ്ങും.. ചളി തെറിപ്പിച്ചു സാങ്കല്പിക വാഹനമോടിക്കുന്ന കുട്ടികള്‍ കേരളത്തിലെ സാധാരണ കാഴ്ചയാണ്. അലക്കിതേച്ച ഉടുപ്പു മുഴുവനും ചെളിയാക്കി വീട്ടിലെത്തുമ്പോള്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ശകാരം. കുളിച്ചു തോര്‍ത്തി തരുന്നതിനിടയില്‍ ഒന്നു തുമമിപ്പോയാല്‍ പിടയുന്ന മാതൃഹൃദയത്തിന്റെ വിലാപങ്ങള്‍... നനഞ്ഞ ഉടുപ്പുകളുമായി ഒരേ ബെഞ്ചില്‍ മുട്ടിയിരിക്കുമ്പോള്‍ പരസ്പരം പകര്‍ന്നു കൊടുക്കുന്ന സ്നേഹത്തിന്റെ ഉഷമളത. കുടയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ കുട കറക്കി പറത്തി കുട്ടുകാരിയുടെ ദേഹത്തേക്ക് തെറുപ്പിച്ച് കടന്നു പോകുമ്പോള്‍ അറിയാതെ കൈമാറുന്ന കോപത്തിന്റെ മിഴിശരങ്ങള്‍.. എല്ലാം കുത്തിയൊലിക്കുന്ന മഴയെപോല്‍ കാലത്തിന്റെ പ്രവഹതിലൂടെ അകന്നകന്നു പോകുന്നു..

ഇട തൂര്‍ന്നു മഴ പെയ്യുന്ന ഒരു സായാഹ്നം. പാതി നനഞ്ഞ വസ്ത്രം നല്കുന്ന അസ്വസ്ഥതയുമായി അടച്ചിട്ട കടത്തിണ്ണയുടെ താഴെ മഴയെ ശപിച്ചു കൊണ്ടു അവള്‍... ദൈവത്തിന്റെ ഒരു വരദാനം പോലെ.. കുടയുടെ സുരക്ഷിതത്വം പങ്കിടാന്‍ കിട്ടിയ ഒരവസരം പ്രണയത്തിന്റെ വസന്തമായി മാറിയ നിമിഷങ്ങള്‍.. അവളെ മഴയില്‍ നിന്നും സംരക്ഷിക്കാന്‍ പെടാപാട് പെടുന്നതിനിടെ മുഴുവനും നനഞ്ഞു കഴിഞ്ഞിരിക്കുമവന്‍. ഒരു കുസൃതി പോലെ പെട്ടന്ന് ചോരുന്ന മഴയുടെ അവസാനം കടപ്പാടിനപ്പുറത്തെ മറു ചിലതെന്തോക്കെയോ പറയുന്ന മിഴികളില്‍ മിഴികള്‍ കൊണ്ടോന്നുടക്കി നിഗൂഡമായ ഒരു മന്ദഹാസവുമായി അവള്‍ നടന്നു മറയുമ്പോള്‍ മഴയുടെ മറൊരു മേഘം മറനീക്കി വരുന്നുണ്ടാകും ആകാശത്ത്..

നമ്മുടെ കുട്ടികള്‍ റൈന്‍ കോട്ടിനുള്ളിലും സ്കൂള്‍ ബുസുകള്‍ക്കുള്ളിലും വീടിന്റെ നാലു ചുമരുകള്‍ക്കകതും മഴയറിയാതെ വളരുന്നു. തീ പാറുന്ന കണ്ണുകളോടെ അവരെ നിരീക്ഷിന്നുണ്ടാകും ആരെങ്കിലും എപ്പോഴും. മഴയെന്നു പറഞ്ഞാല്‍ അവര്‍ക്ക് എന്തൊക്കെയോ രോഗങ്ങളും കൊണ്ടു വരുന്ന ഒരു പൂതനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. സ്കൂളില്‍ മഴ പരത്തുന്ന രോഗങ്ങളെ പറ്റി പ്രത്യേക പഠനക്ലാസ്സുകളുണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും. മഴ വരുംതലമുറയ്ക്ക് ഒരു ശാപമാണ്. അത് അവരെ ഔട്ടിങ്ങില്‍ നിന്നും ഇന്ത്യ - ഓസ്‌ട്രേലിയ വന്‍ - ഡേ - മാചില്‍ നിന്നുമെല്ലാം അകറ്റി നിര്‍ത്തുന്നു. ഇടി വെട്ടുമ്പോള്‍ ടി വി യും കമ്പ്യൂട്ടറും ഓണ്‍ ചെയ്യാന്‍ കഴിയാതെ കൂട്ടുകാരിയോട് സല്ലപിക്കാന്‍ കഴിയാതെ അവരുടെ സ്ഥിരം ബോറിംഗ് സ്റ്റാറ്റസ്-നെ അന്‍വര്‍ ത്തമാക്കുന്നു.

മഴയുടെ സന്തോഷവും സാന്ത്വനവും പ്രണയവും തെങ്ങലുംഎലാം അന്യമാകുന്ന നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നിറഞ്ഞു പെയ്യുന്ന മഴയോടൊപ്പം ആരും കാണാതെ ഒരിറ്റു കണ്ണുനീര്‍ തുള്ളി കുടി വീഴ്ത്താം നമുക്കു.. കാരണം അന്യനിന്നു പോകുന്നത് മഴ മാത്രമായിര്‍ക്കില്ല. മഴയോടൊപ്പം പെയ്തിരങ്ങിയിരുന്ന മഴ വികാരങ്ങള്‍ കുടിയായിരിക്കും. പാരസ്പര്യത്തിന്റെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ സഹോദര്യ്തിന്റെ ഒരു കാലം കുടിയായിരിക്കും...

കാലമിനിയും ഉരുളും
വിഷു വരും വര്ഷം വരും തിരുവോണം വരും..
പിന്നെ ഓരോ തളിരിലും പൂവരും കായ വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം ...

2009, നവംബർ 26, വ്യാഴാഴ്‌ച

പാഠം ഒന്ന് - ഇമെയിലില്‍ ഫോര്‍വേഡ് കളിക്കരുത് !

ബഹു മാന്യരേ. ഇതു എന്റെ സൃഷ്ടി അല്ലാ.. ഏതോ ഒരു കൊണാപ്പന്‍ പേരു വെക്കാതെ അയച്ചതാണ്. ബ്ലോഗിനെ പട്ടിണിക്കിടണ്ട എന്ന് കരുതി ഇട്ടതാണ്. ദയവു ചെയ്തു എനിക്കും ഇട്ടു പണിയരുത്.. - രനിഷ്

ഫോര്‍വേഡ് അടിക്കുന്നത് പിള്ളേര് കളിയല്ലെന്ന് ഇപ്പോള്‍ മനസ്സിലായി. പിണറായി വിജയന്‍റെ വീടെന്നു പറഞ്ഞു ഒരു കുന്നംകുളം കൊട്ടാരമെടുത്ത് ഇമെയിലില്‍ ഫോര്‍വേഡ് കളിച്ച രണ്ടു പേര്‍ പിടിയിലായി. 'കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കൊള്ളു'മെന്ന് പറയുന്നതിന്റെ ഒരു ഏകദേശ അര്‍ത്ഥം ഇപ്പോഴാണ് പിടി കിട്ടിയത്. പിടിയിലായ രണ്ടു പേരും സാധാരണ ഫോര്‍വേഡ് കളിക്കാരല്ല, നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ്. ഒരാള്‍ സീ എ വിദ്യാര്‍ഥി, മറ്റൊരാള്‍ ഗള്‍ഫില്‍ വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ (അങ്ങനെയും ഒരു ഇന്‍സ്പെക്ടര്‍ ഉണ്ടോ? മനോരമ റിപ്പോര്‍ട്ടില്‍ കണ്ടതാണ്). കയറിക്കളിച്ച ബാക്കിയുള്ളവരെ പൊക്കാന്‍ കേരള പോലീസ് വല വീശിയിരിക്കുകയാണ്‌.


സീ എ ക്കാരന്‍ ചെയ്തത് ഇത്ര മാത്രം. സുഹൃത്തിന്റെ ഒരു ഇമെയില്‍ കിട്ടി. നല്ല കിടിലന്‍ വീട്. കക്ഷി ഇങ്ങനെ ഒരു അടിക്കുറിപ്പ് കാച്ചി. "പിണറായിയില്‍ തീര്‍ത്ത വിജയന്‍റെ കൊട്ടാരം. തള്ളേ, കൊട്ടാരം ഒരു സംഭവം തന്നെ". ഇത് ഏഴു പേര്‍ക്ക് ഫോര്‍വേഡ് അടിച്ചു. 'തൊഴിലാളി നേതാവിന്റെ കൊച്ചു കുടില്‍ എന്നാണ്' വെല്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എഴുതിയ അടിക്കുറിപ്പ്. ഇതിനേക്കാള്‍ നല്ല അടിക്കുറിപ്പ് എഴുതി ഫോര്‍വേഡ് കാച്ചിയ പലരും കാണും. പക്ഷെ പിടിയിലായത് ഈ ഭാഗ്യദോഷികളാണ് എന്ന് മാത്രം. ഈ കൊട്ടാരം മെയില്‍ ആദ്യമായി പടച്ചു വിട്ടയാളെയാണ് പോലീസ് ഇപ്പോള്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. അയാള്‍ ദുഫായിയിലോ മറ്റോ ആണ് ഉള്ളത് എന്ന് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കേട്ടു.

പിണറായി വിജയനോട് സ്നേഹമുള്ളവര്‍ കുറച്ചു കാണും. സഖാവായതിനാല്‍ എതിര്‍പ്പുള്ളവര്‍ അതിലേറെ കാണും. സ്നേഹമുള്ളവര്‍ നേതാവിന് ഇമേജുണ്ടാക്കാന്‍ ശ്രമിക്കും, എതിര്‍ക്കുന്നവര്‍ അത് തകര്‍ക്കാനും. രണ്ടും സ്വാഭാവികം. പക്ഷെ എല്ലാത്തിനും ഒരു 'വ്യവസ്ഥയും വെള്ളിയാഴ്ചയും' വേണം. സഖാവിന്റെ കാര്യത്തില്‍ അതുണ്ടായില്ല. ചുകപ്പു പെയിന്റ് അടിച്ച കുറച്ചു ഓടുകള്‍ ടെറസിലും ചോരച്ചുകപ്പുള്ള ഒരു കാറ് പോര്ചിലും കിടക്കുന്ന കാണാന്‍ കൊള്ളാവുന്ന ഒരു വീടിന്റെ ചിത്രം കിട്ടിയപ്പോള്‍ സഖാവിനിട്ടു പണിയാന്‍ ഇനിയൊരു ഒരു അടിക്കുറിപ്പിന്റെ കുറവേ ഉള്ളൂ എന്ന് കരുതിയ ഏതോ ഒരു 'കൊഞ്ഞാണന്‍ ' ആണ് ഈ പണിയൊപ്പിച്ചത്. ആ കൊഞാണന്റെ ഇമെയില്‍ ഇന്‍ബോക്സില്‍ എത്തേണ്ട താമസം ഫോര്‍വേഡ് റെഡിയാക്കി കാത്തിരിക്കുന്ന എല്ലാവരും ക്ലിക്കി ക്ലിക്കി കുന്നംകുളം കൊട്ടാരത്തെ പിണറായിയില്‍ എത്തിച്ചു !!

സ്ഥിരമായി ഫോര്‍വേഡ് മാത്രം കളിക്കുന്ന ചിലര്‍ സഖാവിന്റെ വീടെന്നു പറഞ്ഞു ഈ ചിത്രം എനിക്കും അയച്ചു തന്നിരുന്നു. ഏതോ ഒരു അനോണി "ഇത് ബ്ലോഗിലിടൂ സുഹൃത്തേ !" എന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. "വേറെ പണിയൊന്നുമില്ലെങ്കില്‍ താജ് മഹലിന്റെ ചിത്രമെടുത്ത്‌ വീ എസ്സിന്റെ വീടെന്നു പറഞ്ഞു നാലാള്‍ക്കു ഫോര്‍വേഡ് ചെയ്യൂ, എന്നെ വിട്ടേര് !" എന്ന് ഞാന്‍ ആ അനോണിക്ക് തിരിച്ചു ഒരു ഉപദേശവും കൊടുത്തു. പിന്നെ അയാള്‍ ഈ വഴി വന്നിട്ടില്ല. ഫോട്ടോഷോപ്പ് കയ്യിലുണ്ടെങ്കില്‍ താജ്മഹലിലല്ല വൈറ്റ് ഹൌസില്‍ വരെ ചെങ്കൊടി പാറിക്കാം. ഈഫല്‍ ടവറില്‍ പീ ഡീ പീ യുടെ ബാനര്‍ തൂക്കാം. അതൊക്കെ ഈമെയിലില്‍ കിട്ടിയാല്‍ നിലം തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഈ കൊട്ടാരം എപ്പിസോഡില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. അതായത് കിട്ടുന്ന ഇമെയില്‍ നൂറു പേര്‍ക്ക് ഫോര്‍വേഡ് അടിക്കുന്നതിനു മുമ്പ് നൂറ്റൊന്നു വട്ടം ആലോചിക്കണം എന്ന് ചുരുക്കം.

ഇത്രയും പറഞ്ഞത് നാണയത്തിന്റെ ഒരു വശം മാത്രം. ഇതിനൊരു മറുവശവുമുണ്ട്. അത് പറയാതിരിക്കുന്നത് ഫോര്‍വേഡികളോട് ചെയ്യുന്ന അപരാധം ആയിരിക്കും. ഒരു ഈമെയിലില്‍ തെറിക്കുന്ന മൂക്കാണോ നമ്മുടെ രാഷ്ട്രീയ നായകന്മാര്‍ക്ക് ഉള്ളത്. ഏതെങ്കിലും ഒരു കൊഞ്ഞാണന്‍ ഒരു ഇമെയില്‍
ഉണ്ടാക്കി
അയച്ചാല്‍ സഖാവ് പിണറായിയുടെ ഇമേജു തകര്‍ന്നു തരിപ്പണമാവുമോ? ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ ഫോറ്റൊഗ്രാഫെര്‍ക്ക് പിണറായിക്കുള്ള ബസ്സ് കൂലി കൊടുത്താല്‍ തീരുന്ന പ്രശ്നമല്ലേ ഇവിടെയുള്ളൂ. സഖാവിന്റെ വീടിന്റെ എല്ലാ ആംഗിളിലും ഉള്ള നാല് ഫോട്ടോ ദേശാഭിമാനിയില്‍ വന്നാല്‍ തീര്‍ന്നില്ലേ വിവാദം? ഈ പുകിലിന്റെയൊക്കെ വല്ലആവശ്യമുണ്ടോ ?

2009, നവംബർ 19, വ്യാഴാഴ്‌ച

"ബാപ്പാ ഞാന്‍ പറയട്ടെ...''

രാഹുലും അച്ഛനും

"അച്ഛാ''

"എന്താടാ''

"ഇന്നലെ സാംസ്കാരികസമ്മേളനത്തില്‍ അച്ഛന്റെ പ്രസംഗം അടിപൊളിയായിരുന്നു. ആദ്യമായിട്ടാ അച്ഛന്റെ പ്രസംഗം കേള്‍ക്കുന്നെ''

"ങാ. നാട്ടുമ്പുറമൊക്കെ ഒന്നു കണ്ടോട്ടെ എന്നു വച്ചിട്ടാ നിന്നേം കൂടി കൊണ്ടുപോയത്. പ്രസംഗം ഇഷ്ടപ്പെട്ടല്ലേ?''

"പിന്നേ! നാട്ടിന്‍പുറത്തിന്റെ നന്മേക്കുറിച്ച് അച്ഛന്‍ ഒരുപാട് സംസാരിച്ചു. വയല്‍...തെങ്ങ്...തോട്...ടാറിടാത്ത റോഡുകള്‍...കാളവണ്ടി...ചാണകം...സത്യം പറഞ്ഞാല്‍ അച്ഛന്റെ പ്രസംഗം കേട്ട് ഞാന്‍ രോമാഞ്ചം കൊള്ളുകയായിരുന്നു.''

"താങ്ക്സെടാ മോനേ. ഗ്രാമവിശുദ്ധി എന്നു പറയുന്നത് ഒരു പ്രത്യേക ശുദ്ധിയാ..''

"എന്റെ സംശയം അതല്ലച്ഛാ. ടാറിട്ട റോഡ് വരാത്തതുകാരണം അച്ഛന് സന്തോഷായി. പക്ഷേ, ആ നാട്ടിന്‍പുറത്തുകാര്‍ യാത്ര ചെയ്യാനൊക്കെ ഒത്തിരി ബുദ്ധിമുട്ടുകയായിരിക്കില്ലേ?''

"പക്ഷേടാ...ഗ്രാമവിശുദ്ധ...ഗ്രാമത്തില്‍ കൃത്രിമത്വം വരാന്‍ പാടില്ല...''

"ഗ്രാമത്തില്‍ കോണ്‍ക്രീറ്റ് വീടുകളില്ലാത്തതിലും അച്ഛന്‍ ആഹ്ളാദംകൊണ്ടു. പക്ഷേ ഓല കൃത്യമായി മേയാന്‍ പറ്റാതെ അവിടെ പല വീടുകളും ചോര്‍ന്നൊലിക്കുകയായിരുന്നു.''

"എന്നാലും കോണ്‍ക്രീറ്റില്‍ ഗ്രാമവിശുദ്ധി തീരെ ഇല്ലെടാ..''

"അപ്പോഴേ അച്ഛാ എന്റെ മെയിന്‍ സംശയം ഇതാണ്. ഗ്രാമമാണ് ഏറ്റവും വിശുദ്ധമായ സ്ഥലമെന്നുണ്ടെങ്കില്‍ നമ്മളെന്തിനാ സിറ്റീടെ ഒത്ത നടുക്ക്, ഫ്ളാറ്റില് ബുദ്ധിമുട്ടി ജീവിക്കുന്നത്. ഗ്രാമത്തില്‍ ചെന്ന് സന്തോഷമായി ജീവിച്ചൂടേ''

"നോക്ക് രാഹുലേ..നിനക്ക് പത്തു വയസ്സേ ആയിട്ടുള്ളൂ. പ്രായത്തിനുതക്ക ചോദ്യങ്ങള്‍ മതി കേട്ടോ.''

"അല്ലച്ഛാ, മലയാളികള്‍ രക്ഷപ്പെടാത്തത് ഇതുകൊണ്ടാണോ. കൈയടി വാങ്ങാന്‍ വാചകമടിക്കും. പക്ഷേ, കാര്യത്തില്‍ കാണിക്കില്ല.''

"നീ എന്റേന്ന് വാങ്ങിക്കും''

"പ്രസംഗിക്കാന്‍ കൊണ്ടുപോയ കാറില് എസി ഇല്ലാന്നു പറഞ്ഞ് അച്ഛന്‍ സംഘാടകരോട് ചൂടാവുകേം ചെയ്തു.''

"നോക്ക് അതൊന്നും നീ അന്വേഷിക്കേണ്ട കേട്ടോ. ഓ! ഒരു വലിയ ഹരിശ്ചന്ദ്രന്‍...''

"അച്ഛാ അതുപോല...''

"പോടാ.. പോടാ അവിടുന്ന്..ടീ സുമിത്രേ..നിന്റെ മോനെ അങ്ങോട്ട് വിളിക്ക്. ഇല്ലെങ്കില്‍ എന്റെ കയ്യീന്ന് മേടിക്കും ഇവന്‍. എന്റെ സ്വഭാവം അറിയാലോ. എനിക്ക് രണ്ടു മുഖമുണ്ട്..രണ്ടു മുഖം..''

ജോണും പപ്പയും

"പപ്പാ''

"എന്താടാ മോനേ?''

"എനിക്ക് ചില സംശയങ്ങള്‍''

"ചോദിച്ചോ, എന്തു സംശയം വേണോ ചോദിച്ചോ''

"ഈ ക്വട്ടേഷന്‍ ക്വട്ടേഷന്‍ എന്നു വച്ചാലെന്തുവാ?''

"മക്കളേ, മറ്റൊരാളെ നശിപ്പിക്കാന്‍ വേണ്ടി കരാറെടുക്കുകാ. ഹോ! നീ അതിനെക്കുറിച്ചൊന്നും സംസാരിക്കണ്ട.''

"അല്ല പപ്പാ, ഇന്നലെ രാത്രി പപ്പേം മമ്മേംകൂടി സംസാരിക്കുന്ന കേട്ടു. മാത്യൂസ് അങ്കിളിന്റെ മോള്‍ടെ കല്യാണക്കാര്യം. ആ കല്യാണം പൊളിക്കണം എന്നൊക്കെ''

"അതുശരി. ഞങ്ങള്‍ സംസാരിക്കുന്നത് ഒളിച്ചുനിന്ന് കേട്ടു അല്ലേ. ഈ സ്വഭാവം നല്ലതല്ല, കേട്ടോ...''

"അല്ല പപ്പാ, പരദൂഷണത്തില്‍കൂടി മറ്റൊരാളെ നശിപ്പിക്കല്...അതും ഒരുതരം ക്വട്ടേഷനല്ലേ?''

"ടാ..നോക്ക്. മുട്ടേന്ന് വിരിഞ്ഞിട്ടില്ല നീ...തരുന്ന സ്വാതന്ത്യ്രം ദുരുപയോഗം ചെയ്താലുണ്ടല്ലോ?''

"അപ്പുറത്തെ മേനോനങ്കിള് കാറ് വാങ്ങിയപ്പോ പപ്പേം മമ്മേം അതിനേം കുറ്റം പറഞ്ഞു...ഇതൊക്കെ മാനസിക ക്വട്ടേഷന്റെ വകഭേദങ്ങളല്ലേ...''

"ടാ സാഹിത്യ വാക്കുകളൊക്കെ എടുത്തിട്ട് വാചകമടിക്കരുത്. നീ പോ..''

"അല്ല പപ്പാ...എന്തു സംശയം ചോദിച്ചാലും ഉത്തരം പറയും എന്നു പറഞ്ഞിട്ട്..''

"പോകാനാ പറഞ്ഞത്..''

"പപ്പാ..''

"പപ്പ...കുപ്പ...പോടാ അവിടുന്ന്..''

ഇക്ബാലും ബാപ്പയും

"ബാപ്പാ''

"എന്താടാ മോനേ...''

"എനിക്കൊരു സംശയം...''

"ചോദിച്ചോടാ...''

"ബാപ്പക്ക് ദേഷ്യം വരുമോ?''

"സംശയം ചോദിച്ചാല്‍ സന്തോഷമേ വരുള്ളൂടാ''

ബാപ്പ പറഞ്ഞല്ലോ നമ്മള്‍ എല്ലാരോടും സ്നേഹത്തോടെ പെരുമാറണമെന്ന്...''

"അതുവേണമെടാ...സ്നേഹമാണഖിലസാരമൂഴിയില്‍...''

"അങ്ങനാണെങ്കില്‍ ബാപ്പ, ഇന്നലെ രാത്രി ഉമ്മയുമായിട്ട് വഴക്കുണ്ടാക്കിയതെന്തിനാ?''

"നീ കേട്ടില്ലേ. ഞാന്‍ പറഞ്ഞതിന് നിന്റെ ഉമ്മ തര്‍ക്കുത്തരം പറഞ്ഞു.''

"പക്ഷേ, ഉമ്മയോട് ചോദിച്ചപ്പോ ഉമ്മ പറഞ്ഞത് ബാപ്പയാ തര്‍ക്കുത്തരം പറഞ്ഞതെന്നാണല്ലോ.''

"അതൊന്നും എനിക്കറിയില്ല. ഞാന്‍ പൊടിക്കുപൊടി വിട്ടുകൊടുക്കില്ല.''

"ഉമ്മേം അതുതന്നാ പറയുന്നെ''

"പറയട്ടെ. നോക്കാം ആരു ജയിക്കുമെന്ന്.... നീ ബാപ്പയുടെ കൂടെ വേണം നില്‍ക്കാന്‍''

"അല്ല ബാപ്പാ വീട്ടിലെ ചെറിയ ഈഗോപോലും വലിയ വഴക്കാക്കുന്ന ബാപ്പേം ഉമ്മേം കണ്ടല്ലേ ഞങ്ങള്‍ പിള്ളേര്‍ വളരുന്നെ...''

"പൊയ്ക്കോണം എന്റെ മുമ്പേന്ന്..''

"ബാപ്പാ ഞാന്‍ പറയട്ടെ...''

"എണീറ്റ് പോകാന്‍...''

അച്ഛന്മാരും അമ്മമാരും അറിയാന്‍

അപ്പോള്‍ പറഞ്ഞു വരുന്നതെന്താണെന്നുവച്ചാല്‍ കുഞ്ഞുങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. തെളിഞ്ഞ ബുദ്ധിയാണവര്‍ക്ക്. ഉപദേശമല്ല അവര്‍ക്കാവശ്യം. മാതൃകയാണ്. നിന്റെ അച്ഛനെ കണ്ടു പഠിക്ക്, അമ്മയെ കണ്ടു പഠിക്ക് എന്ന് ആത്മാര്‍ഥതയോടെ നെഞ്ചില്‍ കൈവച്ചു പറയാവുന്ന മാതൃക...അല്ലെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഉത്തരം കൊടുക്കാന്‍ പറ്റാത്ത ചോദ്യങ്ങള്‍.

*

2009, നവംബർ 12, വ്യാഴാഴ്‌ച

ഏതു ഗുജറാത്ത് മോഡല്‍?

അധാര്‍മികവും നിയമവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ സമ്പന്നനായവനെ മാതൃകയാക്കാന്‍ പറയുന്നതിന്റെ വൃത്തികേടുണ്ട് വികസനകാര്യത്തിലെ ഗുജറാത്ത് മാതൃകയെ പ്രകീര്‍ത്തിക്കുന്നതിന്. ഗുജറാത്തില്‍ വികസന അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം, വംശവിദ്വേഷംവച്ചുള്ള കൂട്ടക്കൊലയും വര്‍ഗീയവിഷം അധികാരസ്ഥാനങ്ങളില്‍ ആധിപത്യം നേടിയതിന്റെ ഫലമായുള്ള ആഭിചാരങ്ങളും വേണ്ടതിലേറെ അരങ്ങേറിയിട്ടുമുണ്ട്. നരേന്ദ്രമോഡിയുടെ ഭീകരമുഖത്തെ പരസ്യമായി ന്യായീകരിക്കാന്‍ തലശേരിയില്‍ ബോംബും വാളുമായി ആളെക്കൊല്ലാന്‍ നടക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍വരെ നാണിക്കും. ഒറീസയില്‍ ബിജെപിയുടെ നുകത്തില്‍നിന്ന് പുറത്തുകടന്ന് മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറായ ബിജു ജനതാദളിനെ ആക്ഷേപിക്കുന്നവരും മോഡിയുടെ വികസനമാതൃകയെ പ്രകീര്‍ത്തിക്കുന്നവരും തമ്മില്‍ വലിയ വ്യത്യാസമില്ല. കൂറ്റന്‍ കെട്ടിടങ്ങളുയരുന്നതും ഏതാനും ഫാക്ടറികളുണ്ടാകുന്നതുമാണ് വികസനം എന്ന തെറ്റിദ്ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. നാടിന്റെ വികസനം അന്നാട്ടിലെ സാധാരണമനുഷ്യരുടെ ജീവിതം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ട് എന്നുനോക്കിയാണ് വിലയിരുത്തേണ്ടത്. കേരളത്തില്‍ ഒരു വന്‍കിട കമ്പനി വന്ന് കുറെ ബിഹാര്‍ തൊഴിലാളികളെവച്ച് ഫാക്ടറി കെട്ടി, അവിടെ നാട്ടുകാര്‍ക്കൊന്നും തൊഴില്‍ കൊടുക്കാതെ ഉല്‍പ്പാദനം നടത്തിയാല്‍ മുതലാളിക്ക് ലാഭമുണ്ടാകും. ഈ നാടിനും ഇവിടത്തെ ജനങ്ങള്‍ക്കും അതുകൊണ്ട് വലിയ കാര്യമൊന്നുമുണ്ടാകാനിടയില്ല. അങ്ങനെ ചെയ്യുന്നതിനെ വികസനമെന്ന് പറയാനുമാകില്ല. നിക്ഷേപം ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുന്നവിധം ആയിരിക്കുക എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ അളക്കുന്ന സൂചികകളാണ് വികസനത്തിന്റെ ആത്യന്തികമായ മാനദണ്ഡം. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള മുന്നേറ്റമാണ് ഏറെ പ്രധാനം. അത്തരം മാനദണ്ഡമെടുത്ത് അളന്നുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ മാതൃകയെ തലയ്ക്കു വെളിവുള്ളവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാനാവില്ല. ജനങ്ങള്‍ക്ക് സ്വൈരജീവിതം ഇല്ലെങ്കില്‍ പിന്നെന്തു വികസനം? സമൂഹം വര്‍ഗീയസംഘര്‍ഷങ്ങളില്‍നിന്ന് വിമുക്തമല്ലെങ്കില്‍ എത്ര ഫാക്ടറി വന്നിട്ടെന്ത്? ടാറ്റയെയും ബിര്‍ലയെയും വലിച്ചുകൊണ്ടുവന്നിട്ടെന്ത്? വംശഹത്യയുടെ കേന്ദ്രമായി മാറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഒരു വിഭാഗം ജനതയെ കൊന്നൊടുക്കിയവര്‍ക്ക് വികസനരാജപ്പട്ടം കൊടുത്താല്‍ അങ്ങനെ കൊടുക്കുന്നവരും കൊലയാളികളും തമ്മില്‍ എന്തു വ്യത്യാസം? വികസനത്തിന്റെ ശാസ്ത്രീയവും സാമൂഹ്യവുമായ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഗുജറാത്തല്ല, കേരളമാണ് മാതൃക. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വികസനത്തിന്റെ സുപ്രധാന ഘടകം ഭൂപരിഷ്കരണമാണ്. ഫ്യൂഡല്‍രീതികളെ തകര്‍ത്ത് സാധാരണക്കാരന് ജീവിക്കാനുള്ള അന്തരീക്ഷം ഒരുങ്ങുന്നത് ഭൂപരിഷ്കരണത്തിലൂടെയാണ്. കേരളത്തില്‍ ഭൂപരിഷ്കരണം നടപ്പാക്കപ്പെട്ട് സാധാരണക്കാരുടെ ജീവിതത്തിന് മുന്നോട്ടു പോവാനുള്ള പരിതഃസ്ഥിതി നിലവിലുണ്ട്; ഗുജറാത്തില്‍ അതില്ല. കേരളത്തില്‍ സെസ് ഉള്‍പ്പെടെ കൊണ്ടുവന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഉറപ്പുവരുത്തിയും ഇത്തരം പ്രദേശങ്ങള്‍ റിയല്‍ എസ്റേറ്റ് ബിസിനസുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ്. അത്തരം നിയന്ത്രണങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഗുജറാത്തും കേരളവും തമ്മില്‍ നിലനില്‍ക്കുന്ന ചില വ്യത്യാസങ്ങള്‍മാത്രം നോക്കാം. കേരളത്തില്‍ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 70.90 ശതമാനമാണ്. ഗുജറാത്തില്‍ അത് 64.69 മാത്രം. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കേരളത്തില്‍ 76ഉം ഗുജറാത്തില്‍ 69ഉം ശതമാനമാണ്. പുരുഷന്മാരുടെ സാക്ഷരത യഥാക്രമം 94.20-79.66 ശതമാനമായി വ്യത്യാസപ്പെട്ടു നില്‍ക്കുന്നു. സത്രീകളുടേത് 87.86ഉം 57.80ഉം. കേരളത്തില്‍ പ്രസവത്തിലുള്ള മാതൃമരണം ഒരുലക്ഷത്തില്‍ 110 ആണെങ്കില്‍ ഗുജറാത്തില്‍ 172 ആണ്. ആയിരത്തില്‍ 14 മാത്രമാണ് കേരളത്തിലെ ശിശുമരണനിരക്ക്. ഗുജറാത്തിലേത് 53. ഇതെല്ലാം കഴിഞ്ഞ സെന്‍സസ് പ്രകാരമുള്ള കണക്കുകളാണ്. ഇതാണോ ഗുജറാത്തിന്റെ മഹത്തായ മാതൃക? 2007 സെപ്തംബറില്‍ മാനവവികസന സൂചികകളെ സംബന്ധിച്ച ഇന്ത്യാ ടുഡെ സര്‍വെയില്‍ കേരളത്തിന് ഒന്നാംസ്ഥാനമാണ്. അടിസ്ഥാന സൌകര്യത്തിന്റെ കാര്യത്തില്‍ കേരളം മൂന്നാംസ്ഥാനത്താണെങ്കില്‍ ഗുജറാത്ത് ഒമ്പതാം സ്ഥാനത്തുമാത്രം. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് 10-ാം സ്ഥാനത്തും. പ്രാഥമിക ആരോഗ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തും. ക്രമസമാധാനകാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്തും ഗുജറാത്ത് ആറാം സ്ഥാനത്തും. എന്തിനേറെ ഉപഭോക്തൃമാര്‍ക്കറ്റിന്റെ കാര്യത്തില്‍പ്പോലും കേരളം ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഗുജറാത്ത് സര്‍ക്കാരിന്റെ ഇക്കണോമിക് റിവ്യൂവില്‍ ഗ്രാമീണ പാര്‍പ്പിട സൌകര്യത്തെക്കുറിച്ച് പറയുന്നത്, "ഗ്രാമീണമേഖലയില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കും ഗ്രാമീണമേഖലയിലെ കൈത്തൊഴിലുകാര്‍ക്കും ഭൂമിയും വീടുമോ സ്വന്തമായില്ല.'' എന്നാണ്. വൈദ്യുതിവല്‍ക്കരണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തിലും ഇതേ അവസ്ഥയാണ്. എന്നിട്ടും ഗുജറാത്ത് മാതൃക വേണം പോലും. ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിനെതിരെ നടക്കുന്ന സിഡി വിവാദത്തിന്റെ രീതിശാസ്ത്രം തന്നെയാണ് 'ഗുജറാത്ത് മാതൃക'യുടെ പരിലാളനത്തിലും കാണാനാവുന്നത്്. ഒരു സംവിധായകന്റെ ചിത്രം വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുക എന്നാല്‍, അയാള്‍ എടുത്ത എല്ലാ ചിത്രവും സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നല്ല. ബിഷപ്പിനെ കഥാപാത്രമായി ഏതെങ്കിലും ചിത്രമെടുത്തിട്ടുണ്ടെങ്കില്‍ അത് അയാളുടെ പാട്. ആ ചിത്രം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതല്ല; വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കുന്നതുമല്ല. അത്തരമൊരു വികലമായ ആശയത്തോട് സര്‍ക്കാരോ സിപിഐ എമ്മോ പൊരുത്തപ്പെടുന്നുമില്ല. അന്വേഷണം നടക്കുന്നു, ആക്ഷേപാര്‍ഹമായ ഹ്രസ്വചിത്രങ്ങള്‍ എങ്ങനെ തൃശൂരില്‍ ചില സിഡികളില്‍ വന്നു എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു, പ്രഥമദൃഷ്ട്യാ കുറ്റംചെയ്തു എന്നു കണ്ടവര്‍ക്കെതിരെ നടപടിയുമുണ്ടായിരിക്കുന്നു. എന്നിട്ടും അതൊന്നും കാണാതെ കുപ്രചാരണം തുടരുകയാണ്. അതുപോലെതന്നെയാണ് ഗുജറാത്ത് മോഡലും. അത് ചോരയില്‍ കുതിര്‍ന്നതും വികലവുമായ മോഡലാണെന്നത് പകല്‍പോലെ വ്യക്തം. വാര്‍ത്തയില്‍ കയറിക്കൂടാനുള്ള ഒരു വികടവിചാരമാണ് അതിനെ കേരളത്തില്‍ ചര്‍ച്ചയാക്കിയത്. ആ ചര്‍ച്ച മോഡിക്ക് സുഖം കൊടുത്തിട്ടുണ്ടാകും. അതിലപ്പുറം അതില്‍ ഒരുകഥയുമില്ല.

ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് കേരളം ഒന്നാമതെന്ന് കോണ്‍ഗ്രസ് ലഘുലേഖ

ക്രമസമാധാനപാലനത്തില്‍ രാജ്യത്ത് പ്രഥമസ്ഥാനം കേരളത്തിനാണെന്ന് കണക്കുകള്‍ നിരത്തി ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ ലഘുലേഖയിലാണ് ക്രമസമാധാനപാലനത്തില്‍ വര്‍ഷങ്ങളായി കേരളമാണ് ഒന്നാംസ്ഥാനത്തെന്ന വസ്തുത കോഗ്രസ് അംഗീകരിക്കുന്നത്. ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തിന്റെപേരില്‍ കേരളത്തില്‍ കോഗ്രസ് നേതാക്കള്‍ ഇടതുപക്ഷ സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴാണ് ക്രമസമാധാനപാലനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഗുജറാത്തില്‍ കോഗ്രസ് പ്രചരിപ്പിക്കുന്നത്. 'ഇന്ത്യാടുഡെ' വാരിക വിവിധ സംസ്ഥാനങ്ങളിലെ ക്രമസമാധാനനില പഠിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഗുജറാത്ത് പിസിസി ഇതിന് ആധാരമാക്കിയത്. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിനിടെ 2003 മുതല്‍ 2007 വരെയുള്ള കണക്കാണ് കോഗ്രസ് പുറത്തുവിട്ടത്. 2008ലെ സര്‍വേയിലും ഒന്നാമത് കേരളമായിരുന്നു. കോഗ്രസ് ലഘുലേഖയിലെ ക്രമസമാധാന പട്ടികയില്‍ കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇടംകണ്ടെത്തിയില്ല. കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ആന്ധ്രയും മഹാരാഷ്ട്രയും ഡല്‍ഹിയും ഏറെ പിന്നിലാണ്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും കേരളം ഒന്നാംസ്ഥാനത്ത് തന്നെയെന്ന് കോഗ്രസ് ലഘുലേഖ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പരിശോധിച്ചാലും ക്രമസമാധാനപാലനത്തില്‍ കേരളത്തിന്റെ മെച്ചപ്പെട്ട നില വ്യക്തം. ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ കേരളം മുന്നിലാണെങ്കിലും വര്‍ഗീയകലാപം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ക്രൈംറെക്കോഡ്സ് ബ്യൂറോ പറയുന്നു. കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കേരളത്തിലെ മെച്ചപ്പെട്ട ക്രമസമാധാനപാലനമാണ് കാണിക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. ചെറിയ കേസുകള്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് പൊലീസിന്റെ കാര്യക്ഷമതയും അതോടൊപ്പം ജനങ്ങള്‍ക്ക് ഭയംകൂടാതെ പൊലീസിനെ സമീപിക്കാനുള്ള അന്തരീക്ഷവുമാണ് കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കുന്നു.

2009, നവംബർ 11, ബുധനാഴ്‌ച

നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് എന്റെ സ്വപ്നം.

കേരളപ്പിറവിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ധാരാളം പരിപാടികള്‍ നടക്കുകയുണ്ടായി. ചര്‍ച്ചകളും സംവാദങ്ങളും അനുസ്മരണങ്ങളും കവിസമ്മേളനങ്ങളും ഒക്കെ ആ ആഘോഷത്തിന്റെ ഭാഗമായിരുന്നു.
രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും തുടങ്ങി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ അതില്‍ പങ്കുചേര്‍ന്നു. ടെലിവിഷന്‍ ചാനലുകള്‍ അതില്‍ വളരെ വലിയ ഒരു പങ്കു വഹിക്കുകയുണ്ടായി.
എന്നാല്‍ അതൊക്കെ നാം മറന്നതായി തോന്നുന്നു. എല്ലാം എത്ര പെട്ടെന്നാണ് നാം മറക്കുന്നത്. നമ്മുടെ ആയുസ് വര്‍ധിച്ചുവരികയാണ്. എണ്‍പത് വയസു കഴിഞ്ഞവര്‍പോലും രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളില്‍ വളരെ സജീവമായി നില്‍ക്കുന്നു. പക്ഷേ നമ്മുടെ ജീവന്റെ ആയുസ് കൂടുന്നുണ്ടെങ്കിലും നമ്മുടെ ഓര്‍മയുടെ ആയുസിന് നീളം കുറഞ്ഞുവരികയാണോ എന്ന് സംശയിച്ചുപോകുന്നു.
ഒരിക്കലും മറക്കാതിരിക്കാന്‍വേണ്ടി ആ കേരളപ്പിറവി ആഘോഷങ്ങളില്‍നിന്ന് ഒരു ദൃശ്യം ഞാന്‍ എന്റെ മനസ്സില്‍ സൂക്ഷിച്ചു വച്ചിരുന്നു. അതിപ്പോഴും അവിടെ മായാതെ കിടക്കുന്നു. ഒരുപക്ഷേ ഒരിക്കലും മായുകയുമില്ല.
ഇന്ത്യാവിഷന്‍ ചാനല്‍ കാണിച്ച രണ്ടു മഹദ്വ്യക്തികള്‍ തമ്മിലുള്ള സൌഹൃദ സംഭാഷണമായിരുന്നു ആ പരിപാടി. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഡോ. സുകുമാര്‍ അഴീക്കോടുമായിരുന്നു ആ രണ്ടുപേര്‍. രണ്ടുപേരുടെയും വേഷം തൂവെള്ള ജുബ്ബയും മുണ്ടുമായിരുന്നു. സംസാരിക്കുമ്പോള്‍ രണ്ടുപേരും ഹൃദയംതുറന്ന് ചിരിക്കുന്നുണ്ടായിരുന്നു. കുട്ടികളുടേതുപോലുള്ള ഒരു നൈര്‍മല്യം അവരുടെ ചിരിയിലുണ്ടായിരുന്നു. കാലുഷ്യമില്ലാത്ത, പരസ്പര വിശ്വാസത്തിന്റെയും ആദരവിന്റെയും ഒരു പരിസരത്തിലിരുന്നാണ് അവര്‍ സംസാരിച്ചത്. ചെ ഗുവേരയും സദ്ദാംഹുസൈനും അവരുടെ സംഭാഷണത്തില്‍ പ്രത്യക്ഷപ്പെട്ടു. പോരാട്ടങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ല എന്നു പറഞ്ഞുകൊണ്ടാണ് വി എസ് സംസാരം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് വിജയമാശംസിച്ചുകൊണ്ടാണ് അഴീക്കോട് മാഷ് നിര്‍ത്തിയത്. കാണികളുടെ മനസ്സ് കുളിര്‍പ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.
അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. പോരാട്ടങ്ങളിലൂടെ വളര്‍ന്നുവന്ന നേതാക്കളും എഴുതി ജനഹൃദയങ്ങളില്‍ ഇടംനേടിയ എഴുത്തുകാരും തമ്മിലുള്ള സൌഹൃദത്തിന്റെ ഒരു കാലം. ഇ എം എസിനു ചുറ്റും അങ്ങനെയുള്ള എഴുത്തുകാരുടെ ഒരു സൌഹൃദവലയം തന്നെയുണ്ടായിരുന്നു. തകഴിയും കേശവദേവും എസ് കെ പൊറ്റെക്കാട്ടും മറ്റും അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ രാഷ്ട്രീയ ആചാര്യരുമായി ആത്മബന്ധം പുലര്‍ത്തിയവരായിരുന്നു.
ആദ്യകാലം കമ്യൂണിസ്റ്റായിരുന്നുവെങ്കിലും പിന്നീട് ഒ വി വിജയന്‍ സോവിയറ്റ് യൂണിയന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കടുത്ത വിമര്‍ശകനായി മാറുകയുണ്ടായി. അപ്പോഴും വിജയന്‍ ഇ എംഎസുമായി തുറന്ന സൌഹൃദം പുലര്‍ത്തിയിരുന്നു. അവരുടെ അപൂര്‍വമായ കൂടിക്കാഴ്ചകള്‍ സാഹോദര്യത്തിന്റെയും ധൈഷണിക പ്രഭാവത്തിന്റെയും മാതൃകകളായിരുന്നു.
സുകുമാര്‍ അഴീക്കോട് ജി. വിമര്‍ശിക്കപ്പെടുന്നു എന്ന പേരില്‍ ഒരു പുസ്തകം എഴുതി. അത് ജി ശങ്കരക്കുറുപ്പ് സാഹിത്യലോകത്തിലെ മഹാരഥനായി കഴിയുന്ന കാലമായിരുന്നു. അദ്ദേഹത്തിന് എണ്ണമറ്റ ആരാധകരുണ്ടായിരുന്നു. അതുപോലുള്ള ഒരു മഹാകവിയെ അഴീക്കോട് മാഷ് നിശിതമായി വിമര്‍ശിച്ചപ്പോള്‍ മഹാകവിയുടെ ആരാധകര്‍ അദ്ദേഹത്തിനു നേരെ വധഭീഷണി മുഴക്കിയില്ല. അദ്ദേഹത്തിന്റെ കോലം കത്തിച്ചില്ല. ഏതൊരു ഭാഷയിലെയും സാഹിത്യം സമ്പുഷ്ടമാകുന്നത് സര്‍ഗാത്മക രചനയോട് ചേര്‍ന്ന് അതിന്റെ വിമര്‍ശനവും വികസിക്കുമ്പോഴാണ് . ആ കാലത്തെ ഭാഷാപ്രേമികള്‍ക്ക് അത് നന്നായറിയാമായിരുന്നു.
രാഷ്ട്രീയത്തെക്കുറിച്ചും ഇതുതന്നെ പറയാം. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അതിന്റെ വിമര്‍ശനവും വളരേണ്ടതുണ്ട്. ആരോഗ്യകരമായ, ക്രിയാത്മകമായ ഒരു രാഷ്ട്രീയ പരിസരത്തിനു വിമര്‍ശനം അത്യന്താപേക്ഷിതമാണ്.
ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്. വ്യത്യസ്തമായ പാര്‍ടികളുടെ നേതാക്കള്‍ പരസ്പരം ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിയുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. പത്രങ്ങളിലും ടി വി ചാനലുകളിലും അതുതന്നെയാണ് നമ്മള്‍ സദാ കാണുന്നത്. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെ വിമര്‍ശിക്കാം. മുഖ്യമന്ത്രിക്ക് തിരിച്ചും ആകാം. ആര്‍ക്കും പരാതിയില്ല. എന്നാല്‍ ഒരു എഴുത്തുകാരന്‍ ഏതെങ്കിലും ഒരു നേതാവിനെ വിമര്‍ശിക്കുമ്പോള്‍ അത് പത്രങ്ങളും ചാനലുകളും ആഘോഷിക്കുന്നു. എഴുത്തുകാരനെതിരെ ഭീഷണികള്‍ മുഴങ്ങുന്നു.
ഒരു നേതാവിന് മറ്റൊരു നേതാവിനെ എത്ര അസഭ്യമായ ഭാഷയിലും വിമര്‍ശിക്കാം. പക്ഷേ ഒരു എഴുത്തുകാരന്‍ നേതാവിനെതിരെ ഒരക്ഷരം ഉരിയാടുവാന്‍ പാടില്ല. ഉടനെ പ്രതിഷേധം ഉയരുന്നു. ഇതിന്റെ പിന്നിലെ യുക്തി പിടികിട്ടുന്നില്ല.
രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും മാത്രമല്ല സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അന്നു സഹിഷ്ണുതയുണ്ടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ ഭഗവദ്ഗീതയും കുറേ മുലകളും എന്നപേരില്‍ ഒരു രചന നടത്തി. ഇന്ന് സമൂഹം അത് അനുവദിക്കുമോ? എം ടിയുടെ നിര്‍മാല്യത്തിലെ വെളിച്ചപ്പാട് ഭഗവതിയുടെ മേല്‍ തുപ്പി. ഇന്ന് അത് അനുവദിക്കുമോ? രാജ്യത്തിന്റെ അഭിമാനമായ എം എഫ് ഹുസൈന്‍ ഒരു പെയിന്റിങ്ങിന്റെ പേരില്‍ വേട്ടയാടപ്പെടുകയും അവസാനം നാടുവിട്ടുപോകുകയും ചെയ്തു. കുളിര്‍മഴ പെയ്യുന്ന നമ്മുടെ രാജ്യത്തുനിന്ന് പോയി അമ്പത് ഡിഗ്രി ചൂടില്‍ കരിയുന്ന ഖത്തറിലെ ദോഹയിലാണ് അദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത്. മാധവിക്കുട്ടിയുടെ അനുഭവവും വ്യതസ്തമല്ല. ഇസ്ളാംമതത്തില്‍ ചേര്‍ന്നതോടെ അവര്‍ വേട്ടയാടപ്പെട്ടു. അവസാനം അവരും ദൈവത്തിന്റെ സ്വന്തം നാട് ഉപേക്ഷിച്ച് പുണെയില്‍ അഭയം പ്രാപിച്ചു. ആ മണ്ണില്‍ കിടന്ന് എന്നേയ്ക്കുമായി യാത്ര പറയുകയും ചെയ്തു.
അസഹിഷ്ണുതയുടെ കാലത്താണ് നാം ജീവിക്കുന്നത്. അസഹിഷ്ണുതയുടെ ഈ പശ്ചാത്തലത്തില്‍ വേണം ഇപ്പോള്‍ നടക്കുന്ന അഴീക്കോട് മാഷ് വിവാദത്തെ കാണാന്‍.
ഈ അസഹിഷ്ണുത അവസാനിക്കണം. കേരളം താലിബാന്റെ നാടല്ല. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രബുദ്ധരായ ആളുകളുടെ നാടാണ് ഇത്. സൌഹൃദാന്തരീക്ഷത്തില്‍ ആര്‍ക്കും ആരെയും എന്തിനെയും വിമര്‍ശിക്കാനുള്ള അവകാശം എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും ഉണ്ടാകണം. അല്ലെങ്കില്‍ മാധവിക്കുട്ടി പോയതുപോലെ എല്ലാ എഴുത്തുകാരും ഇവിടംവിട്ടു പോകേണ്ടിവരും. പന്നിപ്പനി വന്ന വീട്ടിലെന്നപോലെ അവര്‍ വായ മൂടിക്കെട്ടി ഇരിക്കേണ്ടിവരും. എഴുത്തുകാര്‍ വായ മൂടിക്കെട്ടുന്നത് സമൂഹത്തിന്റെ നന്മയെ സഹായിക്കില്ല. കാരണം ആധുനിക മനുഷ്യസംസ്കൃതിയുടെ ചരിത്രം പരിശോധിച്ചാല്‍ സാമൂഹ്യനീതിക്കും മാനവികതക്കുംവേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ചത് എഴുത്തുകാരാണെന്ന് കാണാം.
നേതാക്കളും എഴുത്തുകാരും തോളില്‍ കൈയിട്ട് നടക്കുന്ന ഒരു കാലമാണ് ഈയുള്ളവന്റെ ഇപ്പോഴത്തെ സ്വപ്നം.


എം മുകുന്ദന്‍ .

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്.

ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള വിധേയത്വംമൂലമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യമെന്ന് വളരെ വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ലാവ്ലിനും പിഡിപി ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഭിന്നിപ്പുമൊക്കെയായിരുന്നു കോഗ്രസിന്റെ പ്രചാരണവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളില്‍നിന്നും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ ഇല്ലാത്ത വിഷയത്തിലേക്ക് വഴിതിരിച്ചുവിടുകയെന്നതായിരുന്നു ആസൂത്രിതമായ തെരഞ്ഞെടുപ്പുതന്ത്രം. വലതുപക്ഷ മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കാര്യമായ മാറ്റം ദൃശ്യമായിരിക്കുന്നു. സിപിഐ എം തികഞ്ഞ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും പ്രകടമായി കാണാം. ആസിയന്‍ കരാറിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം കോഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോഗ്രസിനകത്തുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പരാജയഭീതി കോഗ്രസ് നേതൃത്വത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിവരെ ഇവിടെവന്ന് പറയാനിടയാക്കിയത്. ഇരിക്കുന്ന പദവി മറന്നുകൊണ്ടുള്ള പുറപ്പാടാണ് വയലാര്‍ രവിയുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 1962ലെ നിലപാടില്‍നിന്ന് സിപിഐ എം മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉത്തരം വളരെ വ്യക്തമാണ്. സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. മാറേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധ്യമല്ലെന്നും സമാധാനപരമായ കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സിപിഐ എം തുടക്കത്തിലേ സ്വീകരിച്ചത്. ആസേതുഹിമാചലം സഞ്ചരിച്ച ഇ എം എസ് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ കാര്യം ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് പറഞ്ഞത്. പലരും ഈ വാദഗതി പരിഹസിച്ചുതള്ളാന്‍ ശ്രമിച്ചു. എന്നാല്‍, നാലരപതിറ്റാണ്ടിനുശേഷവും സിപിഐ എം പറഞ്ഞതിലപ്പുറം ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചന ഇപ്പോഴും തുടരുകയാണ്. ചൈനാവിരുദ്ധ ജ്വരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരോടായി നിരുപമ റാവു പറഞ്ഞതാണ് ഓര്‍ക്കേണ്ടത്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചുകടന്നതായും ഇന്ത്യന്‍ പട്ടാളത്തിനുനേരെ വെടിവച്ചതായും രണ്ട് ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് കള്ളവാര്‍ത്തയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന ലേഖകര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നുമാണ് നിരുപമ രോഷാകുലയായി പറഞ്ഞത്. ഇന്ത്യയും ചൈനയുമായി മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനുമായും യുദ്ധം അരുതെന്നാണ് സിപിഐ എം സ്വീകരിച്ച നിലപാട്. അതിനാണ് പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളും ഒന്നായി എന്ന് കോഗ്രസുകാര്‍ അന്ന് മുദ്രാവാക്യം വിളിച്ചത്. അയല്‍രാജ്യങ്ങളുമായി യുദ്ധത്തിന്റെ മാര്‍ഗമല്ല, സമാധാനത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും യുദ്ധം ഇരുരാഷ്ട്രങ്ങള്‍ക്കും ആപത്ത് വരുത്തിവയ്ക്കുമെന്നും പറയുന്നത് രാജ്യസ്നേഹത്തിന്റെ കുറവുകൊണ്ടല്ല; കൂടുതല്‍കൊണ്ടാണ്. സിപിഐ എം സമാധാനത്തിന്റെ ചേരിയില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ നിസ്സാരപ്രശ്നങ്ങളില്‍നിന്നാണ് വളര്‍ന്നുവലുതായത്. ഉണ്ടായ നാശം പറഞ്ഞറിയിക്കാന്‍ പ്രയാസവും. അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാം. അതില്‍ ചൈന പ്രതിഷേധിക്കേണ്ടതില്ല. എന്നാല്‍, ഇതോടൊപ്പം ഒരു കാര്യം ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദലൈലാമയോടുള്ള കോഗ്രസ് ഭരണാധികാരികള്‍ക്കുള്ള അമിതമായ പ്രേമത്തിന്റെ കാരണമെന്താണ്. തിബത്ത് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. തിബത്ത് ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ചൈനാവിരുദ്ധ നിലപാടെടുക്കുന്ന ആളാണ് ദലൈലാമ. 1962ലും ദലൈലാമയെ എഴുന്നള്ളിച്ച് നടന്ന പ്രശ്നമുണ്ടായിരുന്നു. ദലൈലാമയെ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ അറിയണം. അമേരിക്കയ്ക്കുവേണ്ടിയാണെന്ന സംസാരമുണ്ട്. അമേരിക്കയുമായി തന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യ ദലൈലാമയെ അമിതമായി പ്രേമിക്കുന്നതില്‍ സംശയിക്കുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയാല്‍ കൊള്ളാം. ചൈനയോട് സിപിഐ എം സ്വീകരിക്കുന്ന നയം പരസ്യമാണ്. ചൈന ഒരു സോഷ്യലിസ്റ് രാജ്യമാണ്. ആ രാജ്യത്തോട് മമതയുണ്ട്. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയോട് ആദരവുണ്ട്. അതോടൊപ്പംതന്നെ ചൈനീസ് കമ്യൂണിസ്റ് പാര്‍ടി തെറ്റ് ചെയ്തപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ സിപിഐ എം അറച്ചുനിന്നിട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ് പാര്‍ടിയോടുള്ള അഭിപ്രായവ്യത്യാസവും അക്കാലത്ത് തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ല. ഇ എം എസ് അന്ന് പറഞ്ഞ കാര്യം ഓര്‍ക്കാവുന്നതാണ്. ഞങ്ങള്‍ക്ക് റഷ്യയോട് അന്ധമായ വിരോധമോ ചൈനയോട് അമിതമായ പ്രേമമോ ഇല്ല. ഞങ്ങളുടെ തലച്ചോറ് ആര്‍ക്കും പണയംവച്ചിട്ടില്ല. സ്വതന്ത്രമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ സിപിഐ എമ്മിന് വിധേയത്വമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികളുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും പാര്‍ടിക്ക് താല്‍പ്പര്യമുണ്ട്. ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ് പാര്‍ടികളുടെ യോഗംചേരാന്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 1942ല്‍ കമ്യൂണിസ്റുകാരെ ബ്രിട്ടന്റെ അഞ്ചാംപത്തികളെന്ന് വിളിച്ച് ആക്ഷേപിച്ചു. പിന്നെ മലങ്കോവിന്റെ മക്കളെന്ന് വിളിച്ചു. റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണെന്ന് പരിഹസിച്ചു. 1962ല്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയില്‍ ചൈനാ അനുകൂലികളെന്നുപറഞ്ഞ് കുറെ നേതാക്കളെ ജയിലിലടച്ചു. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ വീണ്ടും ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷംപേരും ജയിച്ചു. സിപിഐ എം നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി. ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചാലും ധവളപത്രമിറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കാം ആ പരിപ്പ് ഇവിടെ വേവില്ല.

വമ്പത്തീ.... നീയാണ് പെണ്ണ്.....

വമ്പത്തീ.... നീയാണ് പെണ്ണ്.....




എല്ലാവരും ഈ വാര്‍ത്ത കേട്ടിട്ടുണ്ടാകും. എന്നാലും ഈ പെണ്‍കുട്ടിയെ
കുറിച്ച് രണ്ടു വരി കുറിക്കാതിരിക്കാന്‍ മനസ്സ് സമ്മതിക്കുന്നില്ല..


രുക്സാന ആണ് ഇപ്പൊ ഹീറോ. തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദിയെ
ആ മിടുക്കി ടിഷ്യൂ..... ദാ കിടക്കുന്നു ഒരുത്തന്‍ താഴെ...

ജമ്മു
കാശ്മീരിലെ രജോരി ജില്ലയിലാണ് രുക്സാനയുടെ വീട്. കഴിഞ്ഞ ഞായറാഴ്ച രാത്രി
പെട്ടെന്ന് laskar e thoiba അംഗങ്ങളായ 6 തീവ്രവാദികള്‍ രുക്സാനയുടെ
വീട്ടിലേക്കു ഇരച്ചു കയറി, അവളുടെ മാതാപിതാക്കളോട് രുക്സാനയെ തങ്ങള്‍ക്കു
കൈമാറാന്‍ ആവശ്യപെട്ടു. എതിര്‍ത്തപ്പോള്‍ മാതാപിതാകളെ തീവ്രവാദികള്‍
മര്‍ദ്ദിച്ചു .


സമനില വീണ്ടെടുത്ത രുക്സാനയുടെ സഹോദരന്‍ ഒരു കോടാലി കൊണ്ട് തീവ്രവാദികളെ
നേരിട്ടു. രുക്സാനയകട്ടെ ഒരുത്തന്റെ കയ്യിലിരുന്ന A.K. 47 കൈക്കലാക്കി
അതിന്റെ പാത്തി കൊണ്ട് അവനെ നേരിട്ടു. ചുമരിലേക്കു ചേര്‍ന്ന് വീണ
തീവ്രവാദിയെ രുക്സാന ak 47 കൊണ്ട് വെടി വെച്ചു ...

ചങ്ക
ചക ചകാ.. ധാ കിടക്കുന്നു ഒരു രാജ്യത്തെ മൊത്തം ഇല്ലാതാക്കാന്‍ പ്രതിന്ജ്യ
എടുത്തവന്‍ ചക്ക വെട്ടി ഇട്ട പോലെ ഒരു പെണ്‍കുട്ടിയുടെ കൈ കൊണ്ട് ചളുക്കോ
പുളുക്കോ എന്ന് താഴെ..

ബാക്കി വന്ന ഒരു തീവ്രവാദിയെ കൂടി രുക്സാന വെടി വെച്ചു. പരിക്കേറ്റ കൂട്ടാളിയെയും കൊണ്ട് മൂന്നാമന്‍ ഓടി രക്ഷപെട്ടു.


പഴയ മലയാള സിനിമകളില്‍ ഇടിയെല്ലാം കഴിഞ്ഞു, വില്ലന്മാര്‍ അവശരായി കഴിഞ്ഞ
ശേഷം അവരെ അറസ്റ്റ് ചെയ്യാന്‍ മാത്രം പോലീസ് വരുന്ന പോലെ, ഇവിടെയും ഈ
പുകിലെല്ലാം കഴിഞ്ഞു, ഒരുത്തന്റെ കാറ്റ് പോയതിനു ശേഷമാണ് പോലീസ് സ്ഥലത്ത്
എത്തുന്നത്‌.

മിടുക്കി,
അല്ലെ??? ഈ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡ്‌ രുക്സാനക്ക് മാത്രം
അവകാശപെട്ടതാണ്... നമ്മുടെ മിലിട്ടരിക്കാരെ ട്രെയിന്‍ ചെയ്യിക്കാന്‍ ഇവളെ
വിടണം എന്നാ എനിക്ക് തോന്നുന്നത്.


രുക്സാനയുടെ വീട് ഇപ്പോള്‍ മിലിട്ടരിയുടെയും പോലീസിന്റെയും സംരക്ഷണ
വലയത്തിലാണ്. കശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും ഈ ഉണ്ണിയാര്‍ച്ച മാതൃക ആകും
എന്ന് കരുതാം..


വാല്‍കഷ്ണം: കൊല്ലപ്പെട്ട തീവ്രവാദിയുടെ പേര് അബു ഒസാമ ആണെന്ന് കണ്ടെത്തി.. (ഒസാമയുടെ പേര് കളഞ്ഞല്ലോടാ വൃത്തി കെട്ടവനേ....)..


സസ്നേഹം,
രുക്സാനയുടെ ഒരു ആരാധകന്‍.

2009, നവംബർ 10, ചൊവ്വാഴ്ച

അങ്ങാടിയില്‍ തോറ്റതിന്.....

ടെക് ഫെണ്‍ന്റെ യുവവിപ്ലവകാരി നിരാഹാര സത്യാഗ്രഹത്തില്‍..

http://beacononline.files.wordpress.com/2008/05/cpim_celebrations_bengal_pe_20070115.jpg

ഇന്ന് രാവിലെ മുതലാണ്‌ അദ്ദേഹം തന്റെ നിരാഹാരം ആരംഭിച്ചത്.
ഉപ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചു ഫലം പുറത്തു വന്നപ്പോള്‍ റ്റെക്ഫെണിലെ യുവ നേതാവിന്റെ പാര്‍ട്ടി എട്ടു നിലയില്‍ പൊട്ടി. ഇത് കണ്ടും കെട്ടും മനംനൊന്താണ് അദ്ദേഹം നിരാഹാരം നടത്തുന്നതെന്ന് പറയപ്പെടുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടു ഇദ്ദേഹത്തിന്റെ നിരാഹാരം നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നാണ് ഇപ്പോള്‍ ടെക്ഫെന് തൊഴിലാളികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇദ്ദേഹം നാട്ടിലായിരുന്നപ്പോള്‍ ഒരു കടുത്ത പാര്‍ടി പ്രവര്‍ത്തകനും അനവധി നിരവധി ചോരച്ചാലുകള്‍ നീന്തി കടന്നിട്ടുള്ള വ്യക്തിയുമായിരുന്നു. ഇദ്ദേഹത്തിന്റെ ഈ കടുത്ത തീരുമാനത്തില്‍ ടെക്ഫെനിലെ എല്ലാവരും അതീവ ദുഖിതരാണ്. എന്നാല്‍ ഇദ്ദേഹത്തിന്റെ നിരാഹാരം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുമെന്നും. അദ്ദേഹത്തിന് വൈകിട്ട് ഇളനീര് കുടിക്കാതെ കിടക്കാനാകില്ലെന്നുമാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.. കേരളത്തില്‍ പോരാഞ്ഞു ബംഗാളില്‍ പോലും കടുത്ത വെല്ലുവിളി നേരിടുന്ന പാര്‍ടിയെ രക്ഷിക്കാന്‍ അദ്ദേഹം ഉടനെ തന്നെ നാടിലേക്ക് തിരിച്ചു പോകാനിടയുണ്ട് എന്ന ഒരു ശ്രുതിയും കേള്‍ക്കുന്നു.. എന്തായാലും ഇദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വരും നാളുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വ്യെതിയാനങ്ങള്‍ ഉണ്ടാക്കിയേക്കും..

റ്റെക്ഫെന് ബ്ലോഗിന് വേണ്ടി റാസ്‌-അല്‍-സ്വര്‍ ഇല്‍ നിന്നും അന്വേഷി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2009, നവംബർ 8, ഞായറാഴ്‌ച

പാമ്പുകള്‍ അറിയാതെ പോകുന്നത്...


പണ്ട് കോളേജില്‍ ഫൈനാര്‍ട്സ്‌ഡേ നടക്കുമ്പോള്‍ ഒരു കൂട്ടം പയ്യന്‍സ് വന്നു ഒരധ്യാപകനെ വലിച്ചിട്ടു കഴുത്തില്‍ പിടിച്ചു ടാന്‍സ്‌ ചെയ്യാന്‍ തുടങ്ങി,പ്രതികരിക്കാന്‍ പോയാല്‍ മറ്റുള്ള അധ്യാപകര്‍ക്കും ഡാന്‍സ്‌ ചെയ്യേണ്ടി വരുമെന്ന് കരുതി ആരും പ്രതികരിച്ചില്ല.അങ്ങനെയാണല്ലോ കള്ള് വയറ്റില്‍ എത്തിയാല്‍ പിന്നെ ആരാണ്,എവിടെയാണ് എന്നൊന്നും തിരിച്ചരിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാവാറില്ലല്ലോ? മദ്യത്തെ കുറിച്ചു എതിര്‍ത്തു ഒരക്ഷരം ഉരിയാടാന്‍ പോലും കോളെജുകളില്‍ കഴിയാത്ത അവസ്ഥയാണുള്ളത്, പണ്ട് ആണ്‍ കുട്ടികള്‍ മാത്രമായിരുന്നു കള്ളുകുടിയന്മാര്‍,ഇന്ന് പെണ്‍ കുട്ടികളില്‍ വലിയൊരു വിഭാഗവും മദ്യം ഉപയോഗിക്കുന്നവരോ ലഹരി ഉപയോഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണ്.അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വന്ന ചര്‍ച്ചയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി നിറഞ്ഞ പുഞ്ചിരിയുമായി പ്രതികരിക്കുന്നത് ഇങ്ങനെ'അല്പമൊക്കെ കുടിക്കാം അത് ഒരു നല്ല കാര്യമാണ്' .ഇതിന്‍റെയൊക്കെ ബാലപാഠങ്ങള്‍ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും പങ്കില്ലേ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.മൈസൂരിലേക്ക് ടൂര്‍ പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ലോഡ്ജില്‍ റൂംഎടുത്ത്‌ കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞു അടുത്ത റൂമില്‍ ഉറങ്ങാന്‍ പോയ അദ്ധ്യാപകന്‍ പോയത്‌ ബാറിലെക്കായിരുന്നു,രണ്ടു പെഗ്ഗ് മോന്താം എന്ന് കരുതി ചെന്ന കുട്ടികള്‍ കണ്ടത്‌ അടിച്ചു ഫിറ്റായി കിടക്കുന്ന മാഷെ ആണ്, അത് പോവട്ടെ കള്ളുകുടി എന്നത് ഒരു സാമൂഹ്യ അചാരത്തിനെ ഭാഗമായി മാറിയിട്ടുണ്ട്‌ .അതെ കുറിച്ചു വാചാലമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല! കാരണം 'എടാ ഇന്നത്തെ കാലത്ത്‌ കള്ള് കുടിക്കാത്തവന്‍ പുരുഷനാണോ' എന്നാണല്ലോ വെപ്പ്...........!


മതത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ മദ്യപാനം എന്നത് വലിയ തെറ്റാണു,ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ ലിവര്‍ ഡിസീസ്,ബ്രെയിന്‍ ഡാമേജ്, വിവിധ ആന്തര അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ,പ്രത്യുത്പാദന സംവിധാനത്തെ ബാധിക്കല്‍............തുടങ്ങി അസുഖങ്ങളുടെ ശ്രിംഖല തന്നെ മദ്യപാനികളെ കാത്തിരിക്കുന്നുണ്ട്. പിന്നെ മനശാസ്ത്രപരമായി ഇതിലേറെ ,ചിന്തയിലും സ്വഭാവത്തിലും സാരമായ മാറ്റങ്ങള്‍ ,ഞാന്‍ മറ്റുള്ളവരുടെ ഇടയില്‍ ചെറുതാകുന്നു, എന്നെ ആരും ബഹുമാനിക്കുന്നില്ല,പരിഗണിക്കുന്നില്ല,എന്റെ ഭാര്യക്ക്‌ എന്നേക്കാള്‍ ഇഷ്ടം അടുത്ത വീട്ടില്‍ താമസിക്കുന്നവനെയാണ്, എന്നെ രഹസ്യമായി ആരോ നിരീക്ഷിക്കുന്നു...........തുടങ്ങി അപക്വവും ദേഷ്യം നിറഞ്ഞതും അനാവശ്യ വ്യാകുലതകളുടെതുമായ ഒരു കൂട്ടം മാനസ്സിക രോഗങ്ങളുടെ അടിമയായി മാറുന്നു എന്നതും കള്ളുകുടിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ അറിയാവുന്ന കാര്യങ്ങളാണ്.

പിന്നെ അറിയാത്ത ചിലതുണ്ട്.

ഒന്ന് സ്വയം ആരാണെന്ന തിരിച്ചറിവ്........പിന്നെ എല്ലാം നഷ്ട്ടപ്പെട്ടല്ലോ,പല വലിയ പോസിഷനുകളിലും ഇരിക്കുന്ന വലിയ ആളുകള്‍ കള്ള് വയറ്റില്‍ എത്തിയാല്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴായി കാണേണ്ടതായി വരുന്നവരനല്ലോ നാം, ഒരു വൈകുന്നേരം അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു സുഹൃത്ത്‌ അടുത്ത വന്നു കൂട്ടിപ്പിടിച്ചു വല്ലാത്ത സ്നേഹപ്രകടനം !,ജനങ്ങളുടെ ഇടയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വല്ലാതെ പാട് പെട്ടു.

രണ്ടു, ചുറ്റുപാടുകള്‍ എങ്ങനെയെന്നോ ,ആരാണെന്നോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഇതിന്‍റെ ഫലങ്ങളാണ് കള്ളുകുടിയന്മാരുടെ ഭാര്യമാരും കുട്ടികളും അനുഭവിക്കുന്ന സകല പ്രയാസങ്ങളും.സഹികെട്ട് എത്രെയെത്ര സ്ത്രീകളാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്,നല്ല ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിട്ടു പോലും സ്വസ്ഥത നശിച്ചു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ഒട്ടേറെ സ്ത്രീജന്മങ്ങളുണ്ട്.ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് കള്ളുകുടിയന്മാരുടെ ദുരിതങ്ങള്‍ ഏറെ സഹിക്കേണ്ടിവരുന്നത്, എന്നെങ്കിലും ജോലിക്ക്‌ പോകുന്നുണ്ടെങ്കില്‍ കിട്ടുന്ന കാശിനു മദ്യവും വാങ്ങി വീട്ടിലെത്തി ഭാര്യയേയും കുട്ടികളെയും തെറി വിളിക്കുകയും കയ്യില്‍ കിട്ടുന്നത് എടുത്ത്‌ തല്ലുകയും ചെയ്യുന്ന പുരുഷന്മാര്‍ ഏറെയുണ്ട്.ഇവര്‍ ആരോട് പരാതിപ്പെടാന്‍, പരാതിപ്പെട്ടാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഈ പാവങ്ങള്‍ തന്നെ സഹിക്കേണ്ടേ? ചെറിയ കുട്ടികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്, സ്വന്തം അമ്മയെ ക്രുരമായി തല്ലുന്നത് ഹൃദയം പൊട്ടുന്ന വേദനയുമായി സഹിക്കേണ്ടി വരുന്ന മക്കള്‍ എത്രയോ ഉണ്ട്. ഈ പിഞ്ചു കുട്ടികളുടെ പരിഭവവും പരാതികളും അന്വഷിക്കാന്‍ ആരുണ്ട്‌?സഹനത്തിന്റെ അതിര്‍ ഭേദിക്കപ്പെടുമ്പോള്‍ സ്വയം ഇല്ലാതെയാകുന്നു. വയറു നിറയെ മദ്യം നിറച്ചു ബുദ്ധി നശിച്ചു നടക്കുന്ന ജന്മാനങ്ങള്‍ ഇതൊക്കെ ചിന്തിക്കുമോ? സ്വൈരമായി പഠിക്കാന്‍ പോലും കഴിയാത്ത കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത് അവരുടെ ഭാവി കൂടിയാണ്.

പെണ്‍കുട്ടികള്‍ വിവാഹം കഴിയുമ്പോഴാണ് ഭര്‍ത്താവിന്റെ തനി നിറം മനസ്സിലാക്കുന്നത്,മദ്യത്തിന്റെ രൂക്ഷഗന്ധവും പേറി സഹിച്ചു ജീവിക്കാമെന്ന് കരുതിയാല്‍ തന്നെ ക്രൂരമായ പരാക്രമങ്ങള്‍ അവസാനം കൊണ്ടെത്തിക്കുന്നത് വിവാഹ മോചനങ്ങളിലാണ്.ഏറിയപങ്കും വിവാഹ മോചനങ്ങള്‍ നടക്കുന്നതിന്റെ കാരണങ്ങള്‍ ഇത്തരത്തിലുള്ളതാനെന്നുകൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട് .ഇത്തരത്തില്‍ വിവാഹമോചിതരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവാതെ വരുന്നു,ഫലത്തില്‍ നശിക്കപ്പെടുന്ന സ്ത്രീ ജന്മങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏത് കള്ളുകുടിയന്മാരയാലും വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം ഒന്നും പത്തും കഴിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു പ്രയാസവുമില്ലല്ലോ.

മദ്യപന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ...........!

എന്നാലും മദ്യം അകത്ത്‌ ഇല്ലാത്ത സമയമുണ്ടെങ്കില്‍ ചിന്തിക്കട്ടെ,സ്വന്തം ഭാര്യയും പാവപ്പെട്ട കുട്ടികളും സ്നേഹിക്കുന്ന ചുറ്റുപാടുമുള്ള ജനങളും കുടിക്കുന്ന കണ്ണുനീരിനു ഇവര്‍ക്ക്‌ എന്നെങ്കിലും മറുപടി പറയേണ്ടി വരും.ജീവിതത്തില്‍ സന്തോഷം പോയിട്ട് മാന്യമായി ശ്വാസം വിടാന്‍ പോലും സാധിക്കാത്ത ഇരകളുടെ പ്രാര്‍ഥനകള്‍ എന്നെങ്കിലും ദൈവം കേള്‍ക്കും.

കുടിയന്മാര്‍ കുടിക്കട്ടെ;ശരീരവും മനസ്സും നശിപ്പിക്കട്ടെ,പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനെങ്കിലും അനുവദിക്കുക.