2010 മാർച്ച് 18, വ്യാഴാഴ്‌ച

ഓര്മ്മകള്..

അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല് കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലെന്നെ
നോക്കിയതും

അവള്ക്കായെന്തിനും
ഞാനേന്നോര്ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില് ചാടിയതും

നീര്ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്ത്തു കരഞ്ഞു കൊണ്ടവള്
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള് കളിയാക്കിയതും
വാശി തീര്ക്കുവാന്
നാട്ടു മാവില് കയറിയതും
പഞ്ചാര മാങ്ങയവള്ക്ക്
നല്കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്
ചേര്ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല് വരമ്പിലവള്
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന് ചിരിച്ചതും
നിറ കണ്ണുകളുയര്ത്തി
എന്നെയവള് നോക്കിയതും

കണക്കു മാഷ്
ചൂരലുയര്ത്തിയടിക്കുമ്പോള്
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്
നേര്ച്ച നേര്ന്നതും

അവളുമ്മയാകുമ്പോള്
കുഞ്ഞിനെന്തു
പേരിടുമെന്നോര്ത്ത്
തര്ക്കിച്ചതും

സന്ധ്യയ്ക്ക്
പുഴക്കടവില്
ചെകുത്താനെ കണ്ടവള്
ബോധം കെട്ടതും
എന്റെ വിളിയാലവള്
ഞെട്ടിയുണര്ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്
അവള്ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല് ചുവന്ന
മുഖമൊളിപ്പിച്ചവള്
ഡസ്കില്
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്
ഞാനെന്നറിഞ്ഞവള്
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്ന്നതും
വീണ്ടുമവള്
സ്വപ്നത്തില് നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള് കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്റെ
വഞ്ചിയുണ്ടാക്കി ഞാന്
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില് നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്ന്നത്
കണ്ടു ഞാന്
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്
ഒടുങ്ങിത്തീര്ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില് നിന്നവളെന്റെ
വിരലില് തൊട്ടതും
ഗൂഡമായവളോടു ഞാന്
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്
വീട്ടിളിരുന്നതും

കൂട്ടുകാരി വശമവള്
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള് തറയുന്ന
വിവാഹ വാര്ത്ത
കേള്പ്പിച്ചതും
മുഖം പൊത്തിയവള്
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്ക്ക്
തല്ലു കൊണ്ടതും
എന്റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്ന്നതും.....

ഇന്ന്

പഠിക്കാന് തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള് നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന് മുകളില്
പോയിരുന്നതും

അവളെന്നെയോര്ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്ത്താവ്
കടല് കടന്നപ്പോള്
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്ത്താവയച്ച
ഗള്ഫ് തുണി
എനിക്കായവള്
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്മ്മിക്കാം
ഞാന് നഷ്ട സ്വപ്നങ്ങള്
നഷ്ട കാലങ്ങള്...

ഓര്മ്മകളില്
തീ മഴ പെയ്യുമ്പോള്
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന് കാത്തിരിക്കട്ടെ...

ആ രാത്രികള്‍......

സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍ ആകാശം നോക്കി കിടക്കുകയാകും.പശ്ചാത്തലത്തില്‍ മനസ്സുമന്ത്രിക്കുംപോലെയാണ് പാട്ടെങ്കില്‍ അയാളുടെ ഓര്‍മ്മകള്‍ സ്‌ക്രീനില്‍ ഇതളൂര്‍ന്നു വീഴും.കെട്ടിപ്പിടുത്തങ്ങളില്‍ അഴിഞ്ഞുവീഴുന്ന മുടിക്കെട്ട്.ഉമ്മകളുടെ ഉപ്പുരസം.പിറകോട്ടു കറങ്ങുന്ന സൈക്കിള്‍ച്ചക്രം പോലെയുള്ള കാഴ്ചകള്‍.ഹാര്‍മോണിയക്കട്ടകളുടെ കരച്ചിലായിരിക്കും പാട്ടില്‍ മുഴുവന്‍.അതിനിടയിലെപ്പോഴോ ഒരു കല്യാണപ്പെണ്ണിനെയും നമ്മള്‍ കാണും.അത് അയാളോടൊപ്പം ആ പാട്ടിലെവിടെയോ സൈക്കിളിന്റെ കൈത്തണ്ടയിലിരുന്ന് ചിരിച്ച പെണ്‍കുട്ടിയായിരുന്നു.

പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടവന്റെ രാത്രി എപ്പോഴും സിനിമയില്‍ ഇങ്ങനെയൊക്കയായിരുന്നു.സുമംഗലിമാര്‍ക്ക് സ്വപ്‌നത്തിലെങ്കിലും ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് അവര്‍ പാടിയത്.മലയാളത്തിലെ എക്കാലത്തേയും സങ്കടനനവുള്ള വിരഹഗാനങ്ങള്‍ അങ്ങനെയുണ്ടായി.നാളെയെന്ന ദുരന്തത്തെനോക്കിയാണ് അവര്‍ പാടിയത്.പിറ്റേന്ന് നഷ്ടപ്പെടുവാനുള്ളതിന്റെ നോവുനിറഞ്ഞ വരികള്‍.

ജീവിതത്തില്‍ ഇങ്ങനെയെത്ര തലേദിവസരാവുകള്‍.പുലര്‍ന്നുകഴിയുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയുമായി നിമിഷങ്ങളെണ്ണിയെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ നിശകള്‍. ആ രാത്രിയില്‍ വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളും.കാലവര്‍ഷം കണക്കെ ഉള്ളില്‍ കരച്ചില്‍ വരും.കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞ് ഒടുവില്‍ ഏതോയാമത്തില്‍ ഉറങ്ങിപ്പോകും.വേദനയുടേയും ഭയത്തിന്റേയും ഉദ്വേഗത്തിന്റേയും ഇരുട്ടാണ് അന്ന് കരിമ്പടമായി വാരിപ്പുതച്ചത്.

ആദ്യമായി അങ്ങനെയൊന്ന് സംഭവിച്ചത് എസ്.എസ്.എല്‍. സി പരീക്ഷയുടെ തലേന്നായിരുന്നു.മനസ്സില്‍ കുട്ടിക്കാലത്തിന്റെ അസ്തമയം കൂടിയായിരുന്നു അത്.പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നതോടെ കാലം കൗമാരത്തിന്റെ കടലുകാണിച്ചുതരും. മനസ്സില്‍ കടലാസുവഞ്ചികള്‍ മുങ്ങിപ്പോകുകയും വലിയ വികാരങ്ങളുടെ നൗകയുലയുകയും ചെയ്യും.വലുതാകുന്നതിന്റെ ആദ്യ കടമ്പയായിരുന്നു ആ പരീക്ഷ.തുഴഞ്ഞു തീര്‍ക്കാനുള്ളത് എത്രയോ വലിയ ആഴങ്ങളാണെന്ന അറിവാണ് അന്ന് ഉറക്കം കളഞ്ഞത്.

മലയാളമായിരുന്നു എന്നും ആദ്യം.ക്ലാസ്സിലെ ഇരിപ്പുപോലെയായിരുന്നു ഓരോരുത്തര്‍ക്കും ആ രാത്രി.മുന്‍ബഞ്ചുകാര്‍ നേരത്തേയുറങ്ങാന്‍ കിടക്കും.എല്ലാം മനപ്പാഠമാക്കിയതിന്റെ ശാന്തതയുണ്ടാകും അവരുടെ മുഖത്ത്. എങ്കിലും മാര്‍ക്കിനെക്കുറിച്ചുള്ള ആധി ഒരുവേള കൊതുകിനെപ്പോലെ മൂളിപ്പറക്കും.അപ്പോഴവര്‍ പദ്യശകലങ്ങള്‍ ഒന്നുകൂടി ചൊല്ലിനോക്കും. മച്ചിലേക്ക് നോക്കി പ്രാര്‍ത്ഥിക്കും.

രണ്ടാമൂഴക്കാരന്റെ വെപ്രാളത്തിലായിരിക്കും തൊട്ടു പിന്നിലുള്ള ബഞ്ചുകാര്‍.രാത്രിയേറെക്കഴിയുമ്പോഴും അവരുടെ കാലുകള്‍ മേശയ്ക്കു കീഴിലെ പാത്രത്തില്‍ തന്നെ.പക്ഷേ വെള്ളത്തിന്റെ തണുപ്പ് തലയിലേക്ക് കയറില്ല.അത് അടുപ്പുപോലെ പുകയുകയായിരിക്കും.അടുക്കളയില്‍ അപ്പോള്‍ അമ്മയുടെ കട്ടന്‍കാപ്പി തിളയ്ക്കും.വൃത്തങ്ങളാണ് അവരെ വട്ടം കറക്കുക.ഒരിക്കലും ലക്ഷണമൊക്കാത്ത പെണ്‍കുട്ടികളെപ്പോലെ മഞ്ജരിയും കളകാഞ്ചിയും കളിയാക്കിച്ചിരിക്കും.കിടന്നാലും നെഞ്ച് നതോന്നതയുടെ താളത്തില്‍ പിടയ്ക്കും.

പിന്‍ബഞ്ചുകാരുടെ പഠനം ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ അലസവായനയായിരുന്നു. പാരലല്‍കോളേജുകളുടെ ഗന്ധം പാതിരാക്കാറ്റില്‍ അവര്‍ക്കുകിട്ടി.അതുകൊണ്ട് പത്തുമണിയോടെതന്നെ അവര്‍ പടം മടക്കി.കണ്ണുകളും പുസ്തകത്താളുകളും ഒരുമിച്ചടഞ്ഞു.
ജീവിതത്തില്‍ പിന്നെ എത്രയോ പരീക്ഷകള്‍.പക്ഷേ അവയുടെ തലേന്നൊന്നും ഇത്രമേല്‍ പേടിച്ചില്ല,കരഞ്ഞില്ല,നേരംവെളുക്കുന്നതും കാത്തുകിടന്നില്ല.

പക്ഷേ ഏറ്റവും വികാരഭരിതമായ രാത്രികള്‍ പുലരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.ആദ്യമായി മദ്യപിച്ചതും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും അര്‍ഥമില്ലാത്തതാണ് ഇനിയുള്ള പ്രഭാതങ്ങള്‍ എന്നു നിനച്ചതുമായ നിമിഷം പില്‍ക്കാലമുണ്ടായി.ഇരയുടെ വേദന ആ ഇരവറിഞ്ഞില്ല.അത് കാമുകിയുടെ കല്യാണത്തലേന്നായിരുന്നു.

ജാലവിദ്യയിലെന്നപോലെ ഒരാളെ പൊടുന്നനെ ഇല്ലാതാക്കിയ ഐന്ദ്രജാലികനായിരുന്നു ആ രാത്രി.ചിലര്‍ ഒരു കയറിലൂടെ അപ്രത്യക്ഷരായി.കുറേപ്പേര്‍ സര്‍പ്പദംശനമേറ്റെന്ന കണക്കെ വിഷത്താല്‍ നീലിച്ചു.നിലവിളിയെ തീവണ്ടിയുടെ ചൂളംവിളിയില്‍ അലിയിച്ച് രണ്ടായി മുറിഞ്ഞുപോയവരുമുണ്ടായിരുന്നു.ആത്മഹത്യയുടെ കണക്കുപുസ്തകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഹാജര്‍ പറഞ്ഞത് പ്രണയി മറ്റൊരാളുടേതാകുന്നതിന്റെ തലേദിവസമായിരുന്നു.

അവര്‍ ദുര്‍ബലരായിരുന്നു.മരണദിനത്തിന്റെ മണിമുഴക്കം കേള്‍ക്കുന്നു എന്നെഴുതിയ കവിയെപ്പോലുള്ളവര്‍.സ്വയം ഇല്ലാതാകാന്‍ കൂട്ടാക്കാതിരുന്നവര്‍ ആരെങ്കിലും കൊന്നെങ്കില്‍ എന്നാഗ്രഹിച്ച് നെരിപ്പോടുപോലെയെരിഞ്ഞു.മദ്യക്കുപ്പികളിലായിരുന്നു അവര്‍ മുങ്ങിച്ചത്തത്.ഒരിക്കലും പകല്‍വെളിച്ചം കടന്നുവരാത്ത ബാറുകളിലെ ഇരുട്ടില്‍ ആരും കാണാതെ കരഞ്ഞവര്‍. മഞ്ഞനിറമുള്ള രാത്രിയെ അഭയംപ്രാപിച്ചവര്‍.ഇത്തരം നഷ്ടരാവുകളുടെ കൂട്ടവിലാപങ്ങള്‍ കേട്ട മറ്റൊരിടമായിരുന്നു കോളേജ്‌ഹോസ്റ്റലുകള്‍.മദ്യപാനത്തില്‍ പലരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത് അത്തരം ദിവസങ്ങളിലാണ്.ഒരു ഛര്‍ദ്ദിയുടെ ഒപ്പം ഹൃദയത്തില്‍ നിന്ന് പ്രണയം അവിടെത്തെ തറകളിലേക്ക് പരന്നൊഴുകി.

ഇതിനൊന്നും കഴിയാതിരുന്നവര്‍ പുഴമണലില്‍പോയി മലര്‍ന്നുകിടന്നു.അമ്മയുടെ മടിത്തട്ടുപോലെ അവിടം അവരെ ആശ്വസിപ്പിച്ചു.നാളെയെന്ന് ആലോചിച്ചപ്പോള്‍ നിലാവ് ചിരിച്ചുകാണിച്ചു.പാതിരാവേറും വരെ ആകാശപ്പുതപ്പിനടിയില്‍ അവര്‍ മലര്‍ന്നുകിടന്നു.ഇടയ്ക്ക് തിരിഞ്ഞ് മുഖം പൂഴ്ത്തിയപ്പോള്‍ മണ്ണുനനഞ്ഞു.മനസ്സ് തണുത്തു.

പേടിയും ദു:ഖവും പോലെ ആകാംക്ഷയുടെ നക്ഷത്രങ്ങള്‍ കാട്ടിത്തന്ന തലേദിവസങ്ങളുമുണ്ടായിരുന്നു.തൊഴില്‍ രഹിതനെന്നും അവിവാഹിതനെന്നുമുള്ള എന്ന വിളിപ്പേരുകള്‍ അവസാനിച്ച അര്‍ദ്ധരാത്രി.ജോലികിട്ടി ആദ്യമായി നാടുവിട്ടുപോകുന്നതിന്റെ തലേന്ന് ഏറെ രാത്രിയാകും വീട്ടിലെത്താന്‍.കലുങ്കിലെ അവസാനവൈകുന്നേരം.നാളെ മുതല്‍ ഇല്ലാതാകുന്ന സ്വാദുകളുടെ ഒടുവിലത്തെ തുള്ളിയും ഊറ്റിക്കുടിക്കല്‍.അന്നത്തെ അത്താഴത്തിന് വല്ലാത്ത രുചിയാകും.വിളമ്പുമ്പോള്‍ അമ്മ നേര്യതിന്റെ തുമ്പ്‌കൊണ്ട് കണ്ണുതുടയ്ക്കും.അച്ഛനപ്പോള്‍ ഒന്നും മിണ്ടാതെ ഉമ്മറത്തുണ്ടാകും.പക്ഷേ ആ മനസ്സ് പലതും സംസാരിക്കുന്നുണ്ടായിരുന്നു.ബാഗിലേക്ക് തുണികള്‍ അടുക്കിവയ്ക്കുന്നത് കാണാന്‍ അവര്‍ രണ്ടും വരില്ല.അടുക്കളയില്‍ അച്ചാറുകള്‍ അടുക്കിവയ്ക്കുകയാകും.തേച്ചുവച്ച അവസാന ഷര്‍ട്ടും മടക്കിയൊതുക്കുമ്പോള്‍ രാത്രിയുടെ ഉടയാട ചുളിഞ്ഞുതുടങ്ങിയിട്ടുണ്ടാകും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാവിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ തികട്ടിവരും.അത്രയും കാലം എത്രയോ സ്വപ്‌നങ്ങള്‍ തന്ന കിടക്കയില്‍ ഇനിയുറങ്ങാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ശരശയ്യയിലെന്നപോലെ നോവിക്കും.ഈ രാത്രി പുലരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നത് അപ്പോഴാണ്.

വിവാഹത്തിന്റെ തലേരാവ് പക്ഷേ മോഹിപ്പിക്കും.നെഞ്ചിടിപ്പ് കൂട്ടും.പിറ്റേന്ന് മുതല്‍ ഒപ്പം ഒരാള്‍ കൂടിയുണ്ടാകും എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയില്‍ ആകെയുലയും.പിന്നെയും പിന്നെയും ആലോചിച്ചുനോക്കുമ്പോള്‍ അറിയാതെ ചിരിച്ചുപോകും.അമീബയുടേതുപോലുള്ള പ്രക്രിയയാണത്.ഒരാള്‍ പെട്ടെന്ന് രണ്ടാകുന്നു.അത്രയും കാലം ഒറ്റയ്ക്ക് ജീവിച്ച ഒരാളിലേക്ക് ആ രാത്രിക്കുശേഷം ജീവിതാവസാനം വരേയ്ക്കുമായി മറ്റൊരാള്‍ ഒട്ടിച്ചേരുന്നു.ഒന്നായ നമ്മള്‍ രണ്ടെന്നുകാണുമ്പോഴുള്ള ഇണ്ടല്‍.

അവധിക്കു വന്നു മടങ്ങുന്നതിന്റെ തലേദിവസം രാത്രിയില്‍ പ്രവാസികളുടെ മനസ്സില്‍ എന്താകും?എങ്ങനെയാണ് നാട്ടിലെ (ജീവിതത്തിലെയും) ഒരു നല്ല പകുതിയുടെ അവസാനം അവര്‍ എങ്ങനെയാണ് ചെലവഴിക്കുക? ഭാര്യയേയും കുഞ്ഞുങ്ങളേയും വാരിപ്പുണര്‍ന്ന് കിടക്കുമോ..ജോലി രാജിവച്ചാലോയെന്ന് ആലോചിക്കുമോ...സൂര്യന്‍ മരിച്ചുപോയെങ്കിലെന്ന് ആശിക്കുമോ...

കടപ്പാട്:മാതൃഭുമി

2009 ഡിസംബർ 6, ഞായറാഴ്‌ച

റാസ് അല്‍ സ്വറില്‍ മഴയുടെ സാന്ത്വനം







ഇന്നു പകല്‍ റാസ് അല്‍ സ്വറില്‍ പെയ്ത മഴ പ്രവാസികള്‍ക്ക് കുളിര്‍മയേകി.
മഴ പലപ്പോഴും ഭൂതകാലങ്ങളിക്കുള്ള ഏണിപടിയാണ് പ്രവാസികള്‍ക്ക്.. ചിലപ്പോള്‍ ഭാവിയിലേക്കും... നാട്ടില്‍ നഷ്ടപ്പെടുന്ന ഓര്‍മകളുടെ കുതോഴുകാണ് ഓരോ മഴയും പ്രവാസിക്ക് സമ്മാനിക്കുന്നത്. മലയാളി എന്തോ അത്ര കണ്ടു മഴയെ സ്നേഹിക്കുന്നു. മഴ മലയാളിക്ക് സ്വന്തം ജീവിതവുമായി നേരിട്ടു ഇഴ ചേര്ന്ന എന്തോ ആണ്. ടെക്ഫെനിലെ മലയാളികള്‍ക്ക് നാടിന്‍റെ ഒര്മയിലെക്കും പുതു മഴയുടെ കുളിരിലെക്കും മണതിലെക്കുമോക്കെയുള്ള ഒരു മടക്ക യാത്രയായി മഴ. ഒരു പാളതോപ്പിയും ചേമ്പിന്‍ ഇലയും വാഴയിലക്കുടയും പാടവരമ്പിലെ ചെളിയും കുറുകുറാന്നു കുറുകുന്ന തവളകളും നനഞ്ഞൊലിക്കുന്ന വസ്ത്രങ്ങളും പാതി നനഞ്ഞ പുസ്തകങ്ങളും പിന്നെ ചെറിയ ഒരു കുടയുടെ മറ പിടിക്കാന്‍ നാലോ അഞ്ചോ കൂട്ടുകാരും.... മഴാ..
ഇന്നു മഴ ഹൃദയത്തില്‍ പെയ്തിറങ്ങുന്ന നൊമ്പരങ്ങളാണ്. നമുക്കു നഷ്ടപ്പെട്ട ബാല്യത്തിന്റെ, കൌമാരത്തിന്റെ തിരിചെടുക്കാനാകാത്ത കാലത്തിന്റെ വേര്‍പിരിയലിന്റെ നൊമ്പരം. ചിലപ്പോള്‍ ഹൃദയത്തിലേക്ക് ഒരു നൂറു സൂചികള്‍ കുത്തിയിറക്കുന്ന പോലെ...

മഴ എത്തും മുന്പേ തുടങ്ങും മഴയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍.. പുര കേട്ടിമെയാല്‍, കുടയുണ്ടാക്കളും വാങ്ങലും, തട്ടിന്‍ പുറത്തെടുത്തു വെച്ചിട്ടുള്ള കാലന്‍കുടക്കു ചില അല്ലറ ചില്ലറ അറ്റകുറ്റ പണികള്‍. തെങ്ങിന്‍ തടം നേരെയാക്കലും മഴക്രിഷിക്കുള്ള ഒരുക്കങ്ങളും.. വീടിനു മറകെട്ടാനും ഒക്കെയായി കേരളം മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങിതുടങ്ങും.. ചളി തെറിപ്പിച്ചു സാങ്കല്പിക വാഹനമോടിക്കുന്ന കുട്ടികള്‍ കേരളത്തിലെ സാധാരണ കാഴ്ചയാണ്. അലക്കിതേച്ച ഉടുപ്പു മുഴുവനും ചെളിയാക്കി വീട്ടിലെത്തുമ്പോള്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ശകാരം. കുളിച്ചു തോര്‍ത്തി തരുന്നതിനിടയില്‍ ഒന്നു തുമമിപ്പോയാല്‍ പിടയുന്ന മാതൃഹൃദയത്തിന്റെ വിലാപങ്ങള്‍... നനഞ്ഞ ഉടുപ്പുകളുമായി ഒരേ ബെഞ്ചില്‍ മുട്ടിയിരിക്കുമ്പോള്‍ പരസ്പരം പകര്‍ന്നു കൊടുക്കുന്ന സ്നേഹത്തിന്റെ ഉഷമളത. കുടയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ കുട കറക്കി പറത്തി കുട്ടുകാരിയുടെ ദേഹത്തേക്ക് തെറുപ്പിച്ച് കടന്നു പോകുമ്പോള്‍ അറിയാതെ കൈമാറുന്ന കോപത്തിന്റെ മിഴിശരങ്ങള്‍.. എല്ലാം കുത്തിയൊലിക്കുന്ന മഴയെപോല്‍ കാലത്തിന്റെ പ്രവഹതിലൂടെ അകന്നകന്നു പോകുന്നു..

ഇട തൂര്‍ന്നു മഴ പെയ്യുന്ന ഒരു സായാഹ്നം. പാതി നനഞ്ഞ വസ്ത്രം നല്കുന്ന അസ്വസ്ഥതയുമായി അടച്ചിട്ട കടത്തിണ്ണയുടെ താഴെ മഴയെ ശപിച്ചു കൊണ്ടു അവള്‍... ദൈവത്തിന്റെ ഒരു വരദാനം പോലെ.. കുടയുടെ സുരക്ഷിതത്വം പങ്കിടാന്‍ കിട്ടിയ ഒരവസരം പ്രണയത്തിന്റെ വസന്തമായി മാറിയ നിമിഷങ്ങള്‍.. അവളെ മഴയില്‍ നിന്നും സംരക്ഷിക്കാന്‍ പെടാപാട് പെടുന്നതിനിടെ മുഴുവനും നനഞ്ഞു കഴിഞ്ഞിരിക്കുമവന്‍. ഒരു കുസൃതി പോലെ പെട്ടന്ന് ചോരുന്ന മഴയുടെ അവസാനം കടപ്പാടിനപ്പുറത്തെ മറു ചിലതെന്തോക്കെയോ പറയുന്ന മിഴികളില്‍ മിഴികള്‍ കൊണ്ടോന്നുടക്കി നിഗൂഡമായ ഒരു മന്ദഹാസവുമായി അവള്‍ നടന്നു മറയുമ്പോള്‍ മഴയുടെ മറൊരു മേഘം മറനീക്കി വരുന്നുണ്ടാകും ആകാശത്ത്..

നമ്മുടെ കുട്ടികള്‍ റൈന്‍ കോട്ടിനുള്ളിലും സ്കൂള്‍ ബുസുകള്‍ക്കുള്ളിലും വീടിന്റെ നാലു ചുമരുകള്‍ക്കകതും മഴയറിയാതെ വളരുന്നു. തീ പാറുന്ന കണ്ണുകളോടെ അവരെ നിരീക്ഷിന്നുണ്ടാകും ആരെങ്കിലും എപ്പോഴും. മഴയെന്നു പറഞ്ഞാല്‍ അവര്‍ക്ക് എന്തൊക്കെയോ രോഗങ്ങളും കൊണ്ടു വരുന്ന ഒരു പൂതനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. സ്കൂളില്‍ മഴ പരത്തുന്ന രോഗങ്ങളെ പറ്റി പ്രത്യേക പഠനക്ലാസ്സുകളുണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും. മഴ വരുംതലമുറയ്ക്ക് ഒരു ശാപമാണ്. അത് അവരെ ഔട്ടിങ്ങില്‍ നിന്നും ഇന്ത്യ - ഓസ്‌ട്രേലിയ വന്‍ - ഡേ - മാചില്‍ നിന്നുമെല്ലാം അകറ്റി നിര്‍ത്തുന്നു. ഇടി വെട്ടുമ്പോള്‍ ടി വി യും കമ്പ്യൂട്ടറും ഓണ്‍ ചെയ്യാന്‍ കഴിയാതെ കൂട്ടുകാരിയോട് സല്ലപിക്കാന്‍ കഴിയാതെ അവരുടെ സ്ഥിരം ബോറിംഗ് സ്റ്റാറ്റസ്-നെ അന്‍വര്‍ ത്തമാക്കുന്നു.

മഴയുടെ സന്തോഷവും സാന്ത്വനവും പ്രണയവും തെങ്ങലുംഎലാം അന്യമാകുന്ന നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നിറഞ്ഞു പെയ്യുന്ന മഴയോടൊപ്പം ആരും കാണാതെ ഒരിറ്റു കണ്ണുനീര്‍ തുള്ളി കുടി വീഴ്ത്താം നമുക്കു.. കാരണം അന്യനിന്നു പോകുന്നത് മഴ മാത്രമായിര്‍ക്കില്ല. മഴയോടൊപ്പം പെയ്തിരങ്ങിയിരുന്ന മഴ വികാരങ്ങള്‍ കുടിയായിരിക്കും. പാരസ്പര്യത്തിന്റെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ സഹോദര്യ്തിന്റെ ഒരു കാലം കുടിയായിരിക്കും...

കാലമിനിയും ഉരുളും
വിഷു വരും വര്ഷം വരും തിരുവോണം വരും..
പിന്നെ ഓരോ തളിരിലും പൂവരും കായ വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം ...