2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഒരു സത്യം (ചെറു കഥ)

ഒരിടത്ത് ഒരു ഉള്ളിയും മുളകും തക്കാളിയും ഉണ്ടായിരുന്നു. മൂന്നുപേരും വളരെ അടുത്ത കൂട്ടുകാര്‍. ഒരിക്കല്‍ അവര്‍ മൂന്നുപേരും കൂടെ ഒരു ഉല്ലാസ യാത്ര പുറപ്പെട്ടു. ഒരു നീണ്ട ഉല്ലാസ യാത്ര. അങ്ങനെ അവര്‍ മൂവരും നടന്നു നടന്നു ഒരു കടല്‍ തീരത്തെത്തി. അവര്‍ കടല്‍തീരത്ത് കൂടെ ഓടിക്കളിച്ച്ചു നടക്കുമ്പോള്‍ പെട്ടെന്ന് ഒരു തിരമാല വന്നു മുളകിനെ പൊക്കി എടുത്ത് കൊണ്ടുപോയി. ഇത് കണ്ട ഉള്ളിയും തക്കാളിയും പൊട്ടിക്കരഞ്ഞു. ആരും അവരെ സഹായിക്കാന്‍ എത്തിയില്ല. മുളക് പോയ സങ്കടത്തില്‍ അവര്‍ പിന്നെയും മുന്നോട്ട് നടന്നു. അങ്ങനെ നടന്നു നീങ്ങുമ്പോള്‍ വീണ്ടും അതാ ഒരു ഭീഗരന്‍ തിരമാല വീണ്ടും. ഇപ്രാവശ്യം അത് കൊണ്ടു പോയത് തക്കാളിയെ ആണ്. ഇത് കണ്ട ഉള്ളി പൊട്ടിപ്പൊട്ടി കരഞ്ഞു. അലറി വിളിച്ചിട്ടും ആരും വന്നില്ല സഹായിക്കാന്‍. കടലില്‍ ഉയര്‍ന്നു താഴുന്ന തക്കാളിയെ നോക്കി ഉള്ളി വിതുമ്പി വിതുമ്പി കരഞ്ഞു കൊണ്ട്ട് മുന്നോട്ട് മുന്നോട്ട് ഓടി. ഓടി ഓടി ഉള്ളി എത്തിച്ചേര്‍ന്നത് ഒരു കാട്ടിലാണ്. അവിടെ ഒരു മരത്തിന്റെ ചുവട്ടിലിരുന്നു കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ഉള്ളിയുടെ മുന്നില്‍ ഒരു മഹര്‍ഷി നില്‍ക്കുന്നു. മഹര്‍ഷി ചോദിച്ചു എന്തിനാ കുഞ്ഞേ നീ കരയണേ. എന്താ നിന്റെ പ്രശ്നം. അപ്പൊ ഉള്ളി നടന്ന സംഭവങ്ങള്‍ ഒക്കെ പറഞ്ഞു എന്നിട്ട് പറഞ്ഞു എന്റെ കൂട്ടുകാര്‍ മരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി കരയാന്‍ ഞാന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി കരയാന്‍ ആരുമില്ലല്ലോ എന്ന് കരുതുമ്പോള്‍ കൂടുതല്‍ സങ്കടം ആകുവാ എന്ന് പറഞ്ഞു ഉള്ളി വീണ്ടും കരഞ്ഞു.
അപ്പോള്‍ മഹര്‍ഷി ഉള്ളിക്ക് ഒരു വരം കൊടുത്തു.
" ഇനി നീ മരിക്കുമ്പോള്‍ എല്ലാരും കരയും "
ഉള്ളി സന്തോഷത്തോടെ വീട്ടിലേക്ക് നടന്നു. അന്ന് മുതലാണത്രേ ഉള്ളി മുറിക്കുമ്പോള്‍ നമ്മുടെയെല്ലാം കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നത്.