




ഇന്നു പകല്‍ റാസ് അല്‍ സ്വറില്‍ പെയ്ത മഴ പ്രവാസികള്‍ക്ക് കുളിര്‍മയേകി.
മഴ പലപ്പോഴും ഭൂതകാലങ്ങളിക്കുള്ള ഏണിപടിയാണ് പ്രവാസികള്‍ക്ക്.. ചിലപ്പോള്‍ ഭാവിയിലേക്കും... നാട്ടില്‍ നഷ്ടപ്പെടുന്ന ഓര്‍മകളുടെ കുതോഴുകാണ് ഓരോ മഴയും പ്രവാസിക്ക് സമ്മാനിക്കുന്നത്. മലയാളി എന്തോ അത്ര കണ്ടു മഴയെ സ്നേഹിക്കുന്നു. മഴ മലയാളിക്ക് സ്വന്തം ജീവിതവുമായി നേരിട്ടു ഇഴ ചേര്ന്ന എന്തോ ആണ്. ടെക്ഫെനിലെ മലയാളികള്‍ക്ക് നാടിന്‍റെ ഒര്മയിലെക്കും പുതു മഴയുടെ കുളിരിലെക്കും മണതിലെക്കുമോക്കെയുള്ള ഒരു മടക്ക യാത്രയായി മഴ. ഒരു പാളതോപ്പിയും ചേമ്പിന്‍ ഇലയും വാഴയിലക്കുടയും പാടവരമ്പിലെ ചെളിയും കുറുകുറാന്നു കുറുകുന്ന തവളകളും നനഞ്ഞൊലിക്കുന്ന വസ്ത്രങ്ങളും പാതി നനഞ്ഞ പുസ്തകങ്ങളും പിന്നെ ചെറിയ ഒരു കുടയുടെ മറ പിടിക്കാന്‍ നാലോ അഞ്ചോ കൂട്ടുകാരും.... മഴാ..
ഇന്നു മഴ ഹൃദയത്തില്‍ പെയ്തിറങ്ങുന്ന നൊമ്പരങ്ങളാണ്. നമുക്കു നഷ്ടപ്പെട്ട ബാല്യത്തിന്റെ, കൌമാരത്തിന്റെ തിരിചെടുക്കാനാകാത്ത കാലത്തിന്റെ വേര്‍പിരിയലിന്റെ നൊമ്പരം. ചിലപ്പോള്‍ ഹൃദയത്തിലേക്ക് ഒരു നൂറു സൂചികള്‍ കുത്തിയിറക്കുന്ന പോലെ...
മഴ എത്തും മുന്പേ തുടങ്ങും മഴയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍.. പുര കേട്ടിമെയാല്‍, കുടയുണ്ടാക്കളും വാങ്ങലും, തട്ടിന്‍ പുറത്തെടുത്തു വെച്ചിട്ടുള്ള കാലന്‍കുടക്കു ചില അല്ലറ ചില്ലറ അറ്റകുറ്റ പണികള്‍. തെങ്ങിന്‍ തടം നേരെയാക്കലും മഴക്രിഷിക്കുള്ള ഒരുക്കങ്ങളും.. വീടിനു മറകെട്ടാനും ഒക്കെയായി കേരളം മഴയെ വരവേല്‍ക്കാന്‍ ഒരുങ്ങിതുടങ്ങും.. ചളി തെറിപ്പിച്ചു സാങ്കല്പിക വാഹനമോടിക്കുന്ന കുട്ടികള്‍ കേരളത്തിലെ സാധാരണ കാഴ്ചയാണ്. അലക്കിതേച്ച ഉടുപ്പു മുഴുവനും ചെളിയാക്കി വീട്ടിലെത്തുമ്പോള്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ശകാരം. കുളിച്ചു തോര്‍ത്തി തരുന്നതിനിടയില്‍ ഒന്നു തുമമിപ്പോയാല്‍ പിടയുന്ന മാതൃഹൃദയത്തിന്റെ വിലാപങ്ങള്‍... നനഞ്ഞ ഉടുപ്പുകളുമായി ഒരേ ബെഞ്ചില്‍ മുട്ടിയിരിക്കുമ്പോള്‍ പരസ്പരം പകര്‍ന്നു കൊടുക്കുന്ന സ്നേഹത്തിന്റെ ഉഷമളത. കുടയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ കുട കറക്കി പറത്തി കുട്ടുകാരിയുടെ ദേഹത്തേക്ക് തെറുപ്പിച്ച് കടന്നു പോകുമ്പോള്‍ അറിയാതെ കൈമാറുന്ന കോപത്തിന്റെ മിഴിശരങ്ങള്‍.. എല്ലാം കുത്തിയൊലിക്കുന്ന മഴയെപോല്‍ കാലത്തിന്റെ പ്രവഹതിലൂടെ അകന്നകന്നു പോകുന്നു..
ഇട തൂര്‍ന്നു മഴ പെയ്യുന്ന ഒരു സായാഹ്നം. പാതി നനഞ്ഞ വസ്ത്രം നല്കുന്ന അസ്വസ്ഥതയുമായി അടച്ചിട്ട കടത്തിണ്ണയുടെ താഴെ മഴയെ ശപിച്ചു കൊണ്ടു അവള്‍... ദൈവത്തിന്റെ ഒരു വരദാനം പോലെ.. കുടയുടെ സുരക്ഷിതത്വം പങ്കിടാന്‍ കിട്ടിയ ഒരവസരം പ്രണയത്തിന്റെ വസന്തമായി മാറിയ നിമിഷങ്ങള്‍.. അവളെ മഴയില്‍ നിന്നും സംരക്ഷിക്കാന്‍ പെടാപാട് പെടുന്നതിനിടെ മുഴുവനും നനഞ്ഞു കഴിഞ്ഞിരിക്കുമവന്‍. ഒരു കുസൃതി പോലെ പെട്ടന്ന് ചോരുന്ന മഴയുടെ അവസാനം കടപ്പാടിനപ്പുറത്തെ മറു ചിലതെന്തോക്കെയോ പറയുന്ന മിഴികളില്‍ മിഴികള്‍ കൊണ്ടോന്നുടക്കി നിഗൂഡമായ ഒരു മന്ദഹാസവുമായി അവള്‍ നടന്നു മറയുമ്പോള്‍ മഴയുടെ മറൊരു മേഘം മറനീക്കി വരുന്നുണ്ടാകും ആകാശത്ത്..
നമ്മുടെ കുട്ടികള്‍ റൈന്‍ കോട്ടിനുള്ളിലും സ്കൂള്‍ ബുസുകള്‍ക്കുള്ളിലും വീടിന്റെ നാലു ചുമരുകള്‍ക്കകതും മഴയറിയാതെ വളരുന്നു. തീ പാറുന്ന കണ്ണുകളോടെ അവരെ നിരീക്ഷിന്നുണ്ടാകും ആരെങ്കിലും എപ്പോഴും. മഴയെന്നു പറഞ്ഞാല്‍ അവര്‍ക്ക് എന്തൊക്കെയോ രോഗങ്ങളും കൊണ്ടു വരുന്ന ഒരു പൂതനയാണെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. സ്കൂളില്‍ മഴ പരത്തുന്ന രോഗങ്ങളെ പറ്റി പ്രത്യേക പഠനക്ലാസ്സുകളുണ്ട് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും. മഴ വരുംതലമുറയ്ക്ക് ഒരു ശാപമാണ്. അത് അവരെ ഔട്ടിങ്ങില്‍ നിന്നും ഇന്ത്യ - ഓസ്‌ട്രേലിയ വന്‍ - ഡേ - മാചില്‍ നിന്നുമെല്ലാം അകറ്റി നിര്‍ത്തുന്നു. ഇടി വെട്ടുമ്പോള്‍ ടി വി യും കമ്പ്യൂട്ടറും ഓണ്‍ ചെയ്യാന്‍ കഴിയാതെ കൂട്ടുകാരിയോട് സല്ലപിക്കാന്‍ കഴിയാതെ അവരുടെ സ്ഥിരം ബോറിംഗ് സ്റ്റാറ്റസ്-നെ അന്‍വര്‍ ത്തമാക്കുന്നു.
മഴയുടെ സന്തോഷവും സാന്ത്വനവും പ്രണയവും തെങ്ങലുംഎലാം അന്യമാകുന്ന നമ്മുടെ അടുത്ത തലമുറയ്ക്ക് വേണ്ടി നിറഞ്ഞു പെയ്യുന്ന മഴയോടൊപ്പം ആരും കാണാതെ ഒരിറ്റു കണ്ണുനീര്‍ തുള്ളി കുടി വീഴ്ത്താം നമുക്കു.. കാരണം അന്യനിന്നു പോകുന്നത് മഴ മാത്രമായിര്‍ക്കില്ല. മഴയോടൊപ്പം പെയ്തിരങ്ങിയിരുന്ന മഴ വികാരങ്ങള്‍ കുടിയായിരിക്കും. പാരസ്പര്യത്തിന്റെ സൌഹൃദത്തിന്റെ പ്രണയത്തിന്റെ സഹോദര്യ്തിന്റെ ഒരു കാലം കുടിയായിരിക്കും...
കാലമിനിയും ഉരുളും
വിഷു വരും വര്ഷം വരും തിരുവോണം വരും..
പിന്നെ ഓരോ തളിരിലും പൂവരും കായ വരും
അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം ...